ലോകയുദ്ധമെന്നല്ല, 'ലോകമഹായുദ്ധമെന്നാണ്'

Saturday 08 January 2022 1:15 AM IST

World war എന്നതിന്റെ മലയാളരൂപമായി “ലോകമഹായുദ്ധം” എന്ന് തന്നെ എഴുതുന്നതിന്ന് പകരം “ലോകയുദ്ധം” എന്ന് ലോപിച്ച് എഴുതുന്ന ഒരു പുതിയ പ്രവണത കാണുന്നു. തെറ്റിദ്ധാരണയിലധിഷ്ഠിതമായ പ്രയോഗമാണിത്. War എന്നാൽ യുദ്ധം

എന്നാണെന്നും അതുകൊണ്ട് world war ന് ലോകയുദ്ധം എന്ന മതിയെന്നുമുള്ള തെറ്റായ വാദമാണ്‌ ഇതിന് പിന്നിൽ. ഇംഗ്ലിഷിൽ ചെറിയ യുദ്ധത്തെ Battle എന്നാണ്‌ വിളിക്കുന്നത്. ഉദാ: Battle of Plassey, Battle of Waterloo - പ്ലാസ്സി യുദ്ധം,വാട്ടർലൂ യുദ്ധം. എന്നാൽ അനേകം രാജ്യങ്ങൾ ഇരുവശത്തും നിരന്ന്, ലോകത്തിലെ നിരവധി യുദ്ധഭൂമികളിൽ ഏറ്റുമുട്ടൽ നടന്ന, വർഷങ്ങൾ നീണ്ടുനിന്ന യുദ്ധങ്ങളെയാണ്‌ War എന്ന് വിശേഷിപ്പിക്കുന്നത്. മലയാളത്തിൽ war ന് മറ്റൊരു സമാനപദമില്ലാത്തതുകൊണ്ടാണ്‌ war നെ മഹായുദ്ധം എന്ന് വിളിക്കുന്നതും വിളിക്കേണ്ടതും. World war ലോകയുദ്ധം അല്ല, ലോകമഹായുദ്ധം തന്നെയാണ്‌.

ഡോ. എം. വിജയനുണ്ണി

മുൻ ചീഫ് സെക്രട്ടറി

അടുക്കള ഹോട്ടലിലേക്ക് പോകാനോ ?

വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില മാത്രം കുറച്ചതിന്റെ പൊരുൾ മനസിലാവുന്നില്ല. വീടുകളിലെ അടുക്കളകൾ പൂട്ടി എല്ലാവരും ഹോട്ടൽ ഭക്ഷണം മാത്രം കഴിച്ചാൽ മതിയെന്നാണോ സർക്കാർ ഉദ്ദേശിക്കുന്നത് ? വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചതിന് ആനുപാതികമായി ഹോട്ടലുകൾ ഭക്ഷണത്തിന്റെ വില കൂടി കുറയ്ക്കേണ്ടതാണ്. പക്ഷെ അതൊരിക്കലും നടക്കാത്ത സ്വപ്‌നമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ എല്ലാ വിഭാഗം ജനങ്ങളുടെയും നികുതിപ്പണം കൊണ്ടാണ് നാട് മുന്നോട്ടുപോകുന്നതെന്ന് ഭരണകർത്താക്കൾ ഓർക്കണം.

എ.കെ.അനിൽകുമാർ,

നെയ്യാറ്റിൻകര

Advertisement
Advertisement