കൈവിട്ടു പോയെന്നു കരുതിയ പൊന്നോമനയെ കൺകുളിർക്കെ കണ്ട് അശ്വതി

Saturday 08 January 2022 1:21 AM IST

കോട്ടയം: ജനിച്ച് ഒരു ദിവസം മാത്രം പ്രായമുള്ള പൊന്നോമനയെ കൈവിട്ടുപോയെന്ന് കരുതി ഹൃദയം തകർന്നിരുന്ന അശ്വതി കുഞ്ഞിനെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ്. പുതുവർഷത്തിൽ ദൈവം തന്ന സമ്മാനമാണ് അവളെന്ന് കണ്ണീരടക്കി അശ്വതി പറഞ്ഞു. ഇടുക്കി വണ്ടിപ്പെരിയാർ 62-ാം മൈൽ വലിയതറയിൽ ശ്രീജിത്ത് - അശ്വതി ദമ്പതികളുടെ രണ്ടാമത്തെ പെൺകുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾക്കുള്ളിൽ തിരികെ കിട്ടിയത്. കുഞ്ഞിനെ ഗാന്ധിനഗർ എസ്.ഐ ടി.എസ്. റെനീഷ് കൈകളിൽ ഏൽപ്പിച്ചപ്പോൾ അശ്വതിക്ക് ആനന്ദക്കണ്ണീർ അടക്കാനായില്ല. കുഞ്ഞിനെ പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അശ്വതി പറഞ്ഞു.

മെ‌ഡിക്കൽ കോളേജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലെ രണ്ടാംനിലയിലെ മൂന്നാം വാർഡിൽ പടികൾ കയറി ചെല്ലുന്ന വാതിലിനോട് ചേർന്നുള്ള ബെഡിലാണ് അശ്വതിയും കുഞ്ഞും കിടന്നിരുന്നത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നഴ്സിന്റെ വേഷത്തിൽ അശ്വതിയുടെ അരികിൽ എത്തിയ നീതു കുഞ്ഞിനെ പരിശോധിച്ചശേഷം മഞ്ഞ നിറമുള്ളതിനാൽ മൂന്നാം നിലയിലെ ഒബ്സർവേഷൻ വാർഡിലേക്ക്

കൊണ്ടുപോകണമെന്ന് പറഞ്ഞ് ചികിത്സാരേഖകളടക്കം എടുത്തു കൊണ്ടുപോയി. മൂന്നാം നിലയിലാണ് ഒബ്സർവേഷൻ വാർഡ‌്. എന്നാൽ, നീതു കുഞ്ഞിനെയും കൊണ്ട് അവിടേക്ക് പോകാതെ മൂന്നാം വാർഡിനു സമീപത്തെ തൂണിൽ മറഞ്ഞുനിന്ന ശേഷം പുറത്തേക്ക് പോവുകയായിരുന്നു. ഏറെസമയം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെയെത്തിക്കാതിരുന്നതിനെ തുടർന്ന് അശ്വതിയും ഭർത്തൃമാതാവ് ഉഷയും ഒബ്സർവേഷൻ വാർഡിലെത്തി അന്വേഷിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോയതാണെന്ന് മനസിലായത്. രണ്ടുദിവസം മുൻപ് നീതു നഴ്‌സിന്റെ വേഷത്തിൽ വാർഡിൽ കറങ്ങി നടന്നിരുന്നെങ്കിലും സംശയം തോന്നിയില്ലെന്ന് അശ്വതിയുടെ സഹോദരൻ അഭിനാഥ്, ഭർത്തൃപിതാവ് ശശിധരൻ എന്നിവർ പറഞ്ഞു.

Advertisement
Advertisement