ജനീഷ് കുമാർ എം.എൽ.എയുടെ ഭാര്യയ്‌ക്ക് ജോലി: അന്വേഷിക്കണമെന്ന് ഹൈക്കോടതി

Saturday 08 January 2022 3:27 AM IST

കൊച്ചി: കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ ഭാര്യയ്‌ക്ക് സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ പ്യൂൺ തസ്തികയിൽ അനധികൃത നിയമനം നൽകിയത് സഹകരണ നിയമപ്രകാരം അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ബാങ്കിലെ ക്രമക്കേടുകൾ വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ടിൽ തുടർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് ഭരണസമിതിയംഗമായ സി.കെ. പുരുഷോത്തമൻ നൽകിയ ഹർജിയിലാണ് സഹകരണ സംഘം രജിസ്ട്രാർക്ക് ജസ്‌റ്റിസ് സതീഷ് നൈനാൻ അന്വേഷണ നിർദ്ദേശം നൽകിയത്.

ഭരണസമിതിയുടെ കെടുകാര്യസ്ഥതയും ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളും ചൂണ്ടിക്കാട്ടി ഹർജിക്കാരൻ 2018ൽ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർക്ക് പരാതി നൽകിയിരുന്നു. മറ്റൊരു പരാതിയിൽ ഡെപ്യൂട്ടി രജിസ്ട്രാറുടെ പരി​ശോധനാ റിപ്പോർട്ടിൽ ബാങ്കിൽ നൈറ്റ് വാച്ച്മാനെ നിയമിച്ചത് സ്റ്റാഫ് പാറ്റേൺ അനുസരിച്ചല്ലെന്നും ജനീഷ് കുമാർ എം.എൽ.എയുടെ ഭാര്യയെ നി​യമി​ച്ചത് ചട്ടവും സർക്കാർ സർക്കുലറും പാലിക്കാതെയാണെന്നും പറഞ്ഞിരുന്നു. നീതി സ്റ്റോറിലെ നിയമനങ്ങളിൽ ക്രമക്കേടും സാമ്പത്തിക തിരിമറികളും കണ്ടെത്തി​. ബാങ്കിലെ കമ്പ്യൂട്ടറിൽ നടത്തിയ തിരിമറികൾ വിദഗ്ദ്ധ സഹായത്തോടെ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജോയിന്റ് രജിസ്ട്രാർ സഹകരണ നിയമപ്രകാരമുള്ള അന്വേഷണത്തിന് ഉത്തരവിട്ടെങ്കി​ലും എം.എൽ.എയുടെ ഭാര്യയുടെ നി​യമനം അന്വേഷിക്കേണ്ടെന്ന് നി​ർദ്ദേശി​ച്ചു.

ക്രമക്കേടുകളിൽ മുൻ സെക്രട്ടറിക്കും നിലവിലെ സെക്രട്ടറിക്കും ഉത്തരവാദിത്വം ഉണ്ടെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. സെക്രട്ടറിക്കെതിരെ മാത്രമാണ് നടപടിയെടുത്തത്. പ്യൂൺ നിയമനം എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്ന ചോദ്യത്തിന് 2018 ൽ അന്വേഷണം നടത്തിയെന്നാണ് ജോയിന്റ് രജിസ്ട്രാർ മറുപടി നൽകിയത്. അന്വേഷണ റിപ്പോർട്ട് എന്താണെന്നോ എന്തു നടപടിയെടുത്തെന്നോ ഇതിൽ പറയുന്നില്ലെന്ന് സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി.

Advertisement
Advertisement