പച്ചത്തേങ്ങ സംഭരണം: കേന്ദ്രങ്ങളുടെ എണ്ണം കൂട്ടുന്നില്ല, പൊതുവിപണിയിൽ വില കൂടുന്നു

Sunday 09 January 2022 12:36 AM IST

തിരുവനന്തപുരം: പൊതുവിപണിയിൽ തേങ്ങ വില ഇടിഞ്ഞതിനെ തുടർന്ന് താങ്ങുവിലയിട്ട് തേങ്ങ സംഭരിക്കാനുള്ള നീക്കം പാളുന്നു. സംഭരണ കേന്ദ്രങ്ങളുടെ എണ്ണം 30 ആയി ഉയർത്തണമെന്ന് ആവശ്യമുയർന്നെങ്കിലും ഇന്നലെ നടന്ന ചർച്ചയിൽ തീരുമാനമായില്ല. നിലവിലെ 5 കേന്ദ്രങ്ങളിൽ പോലും ഇതുവരെ സംഭരണം ആരംഭിക്കാത്ത സ്ഥിതിക്ക് തേങ്ങയുടെ എണ്ണം കൂടുന്നതിനനുസരിച്ച് മാത്രം സംഭരണകേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയാൽ മതിയെന്നാണ് കൃഷി വകുപ്പ് ഡയറക്ടറുടെ മേൽനോട്ടത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായത്. കേരഫെഡ് പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ചർച്ചയിൽ പങ്കെടുത്തിരുന്നു. അതിനിടെ, പൊതുവിപണിയിൽ പലയിടത്തും തേങ്ങയുടെ വില 27ൽ നിന്ന് 30 ആയി ഉയർന്നിട്ടുണ്ട്.

വേണ്ടത്ര മുന്നൊരുക്കമില്ലാതെ കേരഫെഡ് മുഖേന സംഭരണം ആരംഭിച്ചതിൽ കർഷകരും അസംതൃപ്തരാണ്. ആനയറ വേൾഡ് മാർക്കറ്റ്, കൊല്ലം കരുനാഗപ്പള്ളി ഫാക്ടറി, തൃശൂർ പൂച്ചനിപ്പാടം സെയിൽസ് പോയിന്റ്, മലപ്പുറം പെരുമ്പടപ്പ് നാളികേര പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് സൊസൈറ്റി, കോഴിക്കോട് നടുവണ്ണൂർ ഫാക്ടറി എന്നിവിടങ്ങളിലാണ് നിലവിൽ തേങ്ങ സംഭരണം കേന്ദ്രമുള്ളത്. ജില്ലയിൽ ഒരു കേന്ദ്രമെന്നത് കർഷകരെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള വിഷയമാണ്. കിലോമീറ്ററുകൾ താണ്ടി സംഭരണകേന്ദ്രത്തിലെത്തിച്ചാൽ കടത്തുകൂലി കർഷകർക്ക് ബാദ്ധ്യതയാവും. അതിനാലാണ് സംഭരണ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യപ്പെട്ടത്.

കർഷകനാണെന്ന കൃഷി ഓഫീസറുടെ സാക്ഷ്യപത്രം കിട്ടാൻ വൈകുന്നതും കർഷകരെ പിന്നോട്ടു വലിക്കുന്നുണ്ട്. കിലോയ്ക്ക് 32 രൂപ താങ്ങുവിലയിട്ടാണ് സർക്കാർ കർഷകരിൽ നിന്ന് പച്ചത്തേങ്ങ സംഭരണം നടത്താൻ തീരുമാനിച്ചത്.

Advertisement
Advertisement