നിശ്ശബ്ദ കൊലയാളികളായി ഒാൺലൈൻ ഗെയിമുകൾ

Sunday 09 January 2022 12:00 AM IST

കൊച്ചി: ഒരുവട്ടം കളിച്ചാൽ പോലും കുട്ടികളെ മായാലോകത്ത് തളച്ചിടുന്ന ഫ്രീ ഓൺലൈൻ ഗെയിമുകൾ നിശ്ശബ്ദ കൊലയാളികളാകുന്നു. ഗെയിമുകൾക്ക് അടിമകളാവുന്ന പത്തിലധികം കുട്ടികളാണ് സംസ്ഥാനത്തെ വിവിധ ചൈൽഡ് ലൈൻ ഡി അഡിക്ഷൻ സെന്ററുകളിൽ പ്രതിദിനം ചികിത്സതേടിയെത്തുന്നത്. കഴിഞ്ഞ ദിവസം ധർമ്മടത്തെ ഒമ്പതാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തതിന് പിന്നിൽ ഓൺലൈൻ ഗെയിമിന്റെ സ്വാധീനമുണ്ടെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.

അറിവും ആനന്ദവും പകരുന്ന ഗെയിമുകൾ ഉണ്ടെങ്കിലും മാതാപിതാക്കൾ സൂക്ഷിക്കേണ്ട മൂന്ന് കൊലയാളി ഗെയിമുകളുണ്ട്. ഇവയി​ൽ പബ്‌ജി​യും ബ്ളൂവെയി​ലും നിരോധിച്ചവയാണെങ്കി​ലും ഉപയോഗത്തി​ൽ കുറവി​ല്ല.

 ഫ്രീഫയ‌ർ

സിംഗപ്പൂർ ആസ്ഥാനമായി 2019ൽ പുറത്തിറക്കിയ ഗെയിം, പബ്‌ജി നിരോധിച്ചതിന് പിന്നാലെ വൻ സ്വീകാര്യതയായി. പതിയെ പണം ഊറ്റിയെടുക്കും വിധമാണ് കളിയുടെ പോക്ക്. കേരളത്തിലടക്കം നിരവധി കേസുകൾ റിപ്പോ‌ർട്ട് ചെയ്തിട്ടുണ്ട്. അടിമപ്പെടുന്നവരുടെ ആത്മഹത്യയ്ക്കും കേരളം സാക്ഷിയായി.

 പബ്‌ജി

ലോകത്ത് ഏറ്റവുമധികം പേർ ഉപയോഗിക്കുന്ന ഗെയിമിംഗ് ആപ്പ്. വിവിധ സ്റ്റേജുകളിലേക്ക് പ്രവേശിക്കാൻ പണം ഊടാക്കും. കഴിഞ്ഞ വർഷം രാജ്യം നിരോധിച്ചു.

 ബ്ലൂവെയിൽ

കൊലയാളി ഗെയി​മാണ് ബ്ലൂവെയിൽ. 50 ഘട്ടങ്ങളായുള്ള 'വെല്ലുവിളികൾ' പൂർത്തിയാക്കി ഒടുവിൽ ആത്മഹത്യക്ക് പ്രേരിപ്പിക്കും. ചതി മനസ്സിലാക്കി പിൻമാറിയാലും ഡേറ്റ ചോർത്തി ഭീഷണി​തുടരും.

 രക്ഷി​താക്കൾ ശ്രദ്ധിക്കേണ്ടത്

• കുട്ടികളുടെ അമിത ഗെയിം കളി

• ബാങ്ക് അക്കൗണ്ട് ദുരുപയോഗം

 പണമൂറ്റും ഗെയിം

എറണാകുളം സ്വദേശിയായ ബിസിനസുകാ‌രന്റെ രണ്ടര ലക്ഷം രൂപ നഷ്ടമായെന്ന് സൈബ‌ർ പൊലീസിൽ പരാതി നൽകി. അന്വേഷണം എത്തിയത് ഒമ്പതാം ക്ലാസുകാരനായ മകനിൽ. പിതാവിന്റെ അക്കൗണ്ടിൽ നിന്ന് സഹോദരിയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയശേഷമായി​രുന്നു പയ്യന്റെ കളി​. 'തോക്ക്, ബോംബ്' അടക്കമുള്ള ആയുധങ്ങൾ വാങ്ങാനും അടുത്ത സ്റ്റേജിലേക്ക് കയറാനുമാണ് ഗെയിമുകൾ പണം ആവശ്യപ്പെടുന്നത്.

 കരുതൽ വേണം

കുട്ടികളുടെ മൊബൈൽ ഗെയിം കളിയിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കണം. അഡിക്റ്രായ കുട്ടികളെ പതിയെ മാത്രമേ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കാവൂ.

-അഡ്വ. ജിയാസ് ജമാൻ

സൈബ‌ർ സെക്യൂരിറ്റി നിയമ വിദഗ്ദ്ധൻ

 ഒ.ടി.പി ഇല്ലാതെ പണമൂറ്റൽ

ഫ്രീ ഫയ‌‌ർ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട കേസുകളാണ് അധികവും റിപ്പോ‌ർട്ട് ചെയ്യുന്നത്. വിവിധ വാലറ്റുകൾ വഴിയാണ് പണം ഊറ്റുന്നത്. ഒ.ടി.പി വേണ്ടാത്ത വിധം സജ്ജമാക്കിയിട്ടുള്ളതിനാൽ പലപ്പോഴും പണം നഷ്ടപ്പെടുന്നത് ബന്ധപ്പെട്ടവർ അറിയാറില്ല.

-സൈബ‌ർ പൊലീസ്

Advertisement
Advertisement