ഗവർണറുടെ ഡി-ലിറ്റ് ശുപാർശ വി.സി തള്ളിയതുതന്നെ പോരിന് കാരണം # തെളിവായി വി.സി നൽകിയ കത്ത്

Sunday 09 January 2022 12:00 AM IST

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഓണററി ഡോക്ടറേറ്റ് നൽകണമെന്ന നിർദ്ദേശം കേരള സ‌ർവകലാശാലാ വൈസ്ചാൻസലർ സിൻഡിക്കേറ്റ് യോഗം വിളിച്ച് ചർച്ചചെയ്യാതെ നിഷേധിച്ചതാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരുമായി പൊടുന്നനേ ഇടയാനുള്ള കാരണമെന്ന് വ്യക്തമായി.

ചില സിൻഡിക്കേറ്റംഗങ്ങളുമായി ചർച്ച ചെയ്തെന്നും ഗവർണറുടെ നിർദ്ദേശം അവർ നിരസിച്ചെന്നും ഡിസംബർ ഏഴിന് സ്വന്തം കൈപ്പടയിൽ വൈസ്ചാൻസലർ വി.പി. മഹാദേവൻപിള്ള ഗവർണർക്ക് നൽകിയ കത്ത് പുറത്തുവന്നു. രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകാൻ ഗവർണർ നിർദ്ദേശിച്ചെന്നും വി.സി രാജ്ഭവനിലെത്തി താത്പര്യമില്ലെന്നറിയിച്ച് കത്ത് നൽകിയെന്നും ജനുവരി ഒന്നിന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇടത് സിൻഡിക്കേറ്റംഗങ്ങളുടെ താത്പര്യപ്രകാരം സർക്കാരിന്റെ അഭിപ്രായം തേടിയശേഷമാണ് വി.സി കത്തുനൽകിയതെന്നും സൂചനയുണ്ട്.

ഡിസംബർ ആദ്യമാണ് വൈസ്ചാൻസലറെ രാജ്ഭവനിൽ വിളിച്ചുവരുത്തി ഗവർണർ രാഷ്ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് നൽകാൻ നിർദ്ദേശിച്ചത്. ഗവർണറുടെ നിർദ്ദേശം സിൻഡിക്കേറ്റ് വിളിച്ച് ഉടൻ അംഗീകരിക്കുമെന്ന് ഉറപ്പുനൽകിയാണ് വി.സി മടങ്ങിയത്. എന്നാൽ, ചില ഇടത് അംഗങ്ങളുമായി ആലോചിച്ച് രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകാനാവില്ലെന്ന് തീരുമാനമെടുത്തു. ഇക്കാര്യം വെള്ളക്കടലാസിൽ സ്വന്തം കൈപ്പടയിലെഴുതി ഗവർണറെ അറിയിച്ചു. ഡിസംബർ ഏഴിന് വി.സി കത്തുനൽകിയതിനു പിറ്റേന്ന് 13 സർവകലാശാലകളുടെയും ചാൻസലർ പദവിയൊഴിഞ്ഞതായി ഗവർണർ പ്രഖ്യാപിച്ചു. ഇപ്പോഴും നിലപാട് മാറ്റിയിട്ടില്ല.

സർവകലാശാലയുടെ തലവനായ ഗവർണറുടെ ശുപാർശ സിൻഡിക്കേറ്റിൽ അവതരിപ്പിക്കേണ്ടത് വി.സിയുടെ ചുമതലയാണ്. സിൻഡിക്കേറ്റിന്റെ അംഗീകാരം ലഭിച്ചാൽ, സെനറ്റിൽ അവതരിപ്പിക്കണം. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ സെനറ്റ് ഈ തീരുമാനം അംഗീകരിച്ചാൽ ചാൻസലറുടെ അനുമതിക്ക് അയയ്ക്കണം. ഈ നടപടിക്രമങ്ങൾക്ക് യാതൊരു വിലയും കല്പിക്കാതെ, രാഷ്ട്രീയം കലർത്തി നിർദ്ദേശം തള്ളിയതിലാണ് ഗവർണർക്ക് അരിശം.

വി.സിയുടെ കത്ത്

"കഴിഞ്ഞയാഴ്ച ഞാൻ അങ്ങയെ കണ്ടിരുന്നു. മടങ്ങി എത്തിയശേഷം നിരവധി സിൻഡിക്കേറ്റംഗങ്ങളുമായി രാഷ്ട്രപതിക്ക് ഡി-ലി​റ്റ് നൽകുന്നതിനെക്കുറിച്ച് ചർച്ചചെയ്തു. സിൻഡിക്ക​റ്റ് അംഗങ്ങൾ അത് നിരസിച്ചു."

-വിശ്വസ്തതയോടെ

വൈസ് ചാൻസലർ.

സിൻഡിക്കേറ്റിൽ ഇടതിന് മൃഗീയ ഭൂരിപക്ഷം

# 23 അംഗ സിൻഡിക്കേറ്റിൽ ഗവർണറുടെ നിർദ്ദേശം അവതരിപ്പിച്ചാൽ അംഗങ്ങളായ ആറ് ഗവ. സെക്രട്ടറിമാർക്ക് അഭിപ്രായം പറയേണ്ടിവരുമായിരുന്നു. രാഷ്ട്രപതിക്കെതിരെ അവർക്ക് നിലപാടെടുക്കാനാവില്ല.

ശേഷിക്കുന്ന 17 അംഗങ്ങളിൽ ഒരാളൊഴികെ എല്ലാവരും ഇടതുപക്ഷക്കാരാണ്. ഈ സാഹചര്യത്തിലാണ് സിൻഡിക്കേറ്റിൽ വയ്ക്കാതെ വി.സി ഒഴിഞ്ഞുമാറിയത്.

Advertisement
Advertisement