പൊലീസ് നയത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് സമസ്‌ത

Sunday 09 January 2022 12:00 AM IST

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയിൽ സർക്കാരിനോട് മയമുള്ള നിലപാട് കൈക്കൊണ്ട സമസ്ത, പൊലീസ് നയത്തിൽ സർക്കാരിനെ കടന്നാക്രമിക്കുന്നു. പൊലീസിനെ നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആണെന്ന് ഇന്നലെ സമസ്ത മുഖപത്രം ആഞ്ഞടിച്ചു.

സമസ്തയുടെ പ്രമുഖ നേതാവായ അബ്ദുസമദ് പൂക്കോട്ടൂർ അടക്കമുള്ള നേതാക്കൾക്കെതിരെ തിരൂരങ്ങാടി പൊലീസ് കേസെടുത്തതിന്റെ പ്രകോപനമാണ് ഇന്നലെ മുഖപ്രസംഗത്തിലൂടെ പുറത്തുവന്നത്.

കെ-റെയിൽ പദ്ധതിയിൽ ഉറച്ച് നിൽക്കുന്ന മുഖ്യമന്ത്രി പൊലീസിന്റെ ഇരട്ടത്താപ്പുകൾക്കെതിരെ ഉറച്ച നിലപാട് എടുക്കാത്തതെന്തെന്ന് സമസ്ത ചോദിക്കുന്നു. ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണോ നിക്ഷിപ്ത താത്പര്യക്കാരാണോ എന്ന ചോദ്യമുയരാൻ തുടങ്ങിയിട്ട് മാസങ്ങളായി. അതിന് വ്യക്തമായ മറുപടി നൽകാൻ പിണറായി വിജയന് സാധിക്കുന്നില്ല എന്നാണ് പൊലീസ് പ്രവ‌ൃത്തികൾ വ്യക്തമാക്കുന്നത്.

മലപ്പുറത്ത് പൂക്കിപ്പറമ്പിൽ തെന്നല മുസ്ലിം കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ന്യൂനപക്ഷാവകാശ സംരക്ഷണ സമ്മേളനത്തിൽ പ്രസംഗിച്ചതിനാണ് അബ്ദുസമദ് പൂക്കോട്ടൂർ അടക്കമുള്ള നേതാക്കൾക്കെതിരെ തിരൂരങ്ങാടി പൊലീസ് കേസെടുത്തത്. ഇതാരുടെ നിർദ്ദേശപ്രകാരമാണ്? സമൂഹമാദ്ധ്യമങ്ങളിൽ മുസ്ലിങ്ങൾക്കെതിരെ വർഗീയവിദ്വേഷം പരത്തുന്ന പരാമർശങ്ങൾ തുരുതുരാ വന്നിട്ടും പൊലീസ് ഒരു പെറ്റി കേസ് പോലും എടുക്കുന്നില്ല. ഇതിനെതിരെ പ്രതികരിക്കുന്നവർക്കെതിരെ കേസെടുക്കുകയാണ്.

പൊലീസ് അക്കാഡമിയിൽ ബീഫ് നിരോധിച്ചതിൽ പ്രതിഷേധം ഉയർന്നപ്പോൾ പൊലീസ് ആസ്ഥാനത്ത് താൻ ആർ.എസ്.എസ് അജൻഡ നടപ്പാക്കുമെന്നും ആരാണ് തടയുന്നതെന്ന് കാണട്ടെയെന്നും ഐ.ജി സുരേഷ് രാജ് പുരോഹിത് പരസ്യമായി പറഞ്ഞതാണ്. അത്തരം വെല്ലുവിളികളുടെ തുടർച്ചയാണ് പൊലീസിൽ സംഭവിക്കുന്നത്.

പൊലീസ് തലപ്പത്തെ തീരുമാനങ്ങൾ മുസ്ലിം ന്യൂനപക്ഷങ്ങൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കുമെതിരെ പ്രയോഗിക്കുന്ന ഒരു വിഭാഗം പൊലീസിൽ തഴച്ചുവളരുന്നു. തിരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും അധികാരത്തിലെത്താനാവില്ല എന്ന ബോദ്ധ്യത്തിൽ നിന്നാവണം എതിർപ്പുകളുണ്ടായിട്ടും പൊലീസിൽ ആർ.എസ്.എസ് അജൻഡ അതിവേഗം നടപ്പാക്കുന്നതെന്നും മുഖപ്രസംഗം വിമർശിക്കുന്നു.

Advertisement
Advertisement