രാവി​ലെ ഇറങ്ങി​ക്കോളും, മിനക്കെടുത്താൻ...!

Sunday 09 January 2022 1:16 AM IST

 റോഡിലെ സ്വസ്ഥത കെടുത്തി സ്വകാര്യ ബസുകൾ

കൊല്ലം: സമയം ഇന്നലെ രാവിലെ 9.30. അഞ്ചാലുംമൂട് ജംഗ്‌ഷൻ മുതൽ വാഹനങ്ങളുടെ നിര. ഓഫീസുകളിലും മറ്റും സമയത്തിന് എത്തേണ്ടവർ ധൃതി മനസിൽ തളച്ച് ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്നു. ക്ഷമകെട്ട ഒരാൾ തന്റെ ഇരുചക്രവാഹനം കുത്തിക്കയറ്റി മുന്നിലെത്തിയപ്പോൾ, ദാ പോകുന്നു; ഒരു സ്വകാര്യ ബസ് വേറെ ആർക്കും സൈഡ് കൊടുക്കാതെ തീരെപ്പതിയെ! വീതികുറഞ്ഞ റോഡിലൂടെ, വഴിക്കാഴ്ചകളും കണ്ട് വളരെ ആസ്വദിച്ച് ഡ്രൈവർ ബസ് ഓടിക്കുന്നതിനാലാണ് ബാക്കി വാഹനങ്ങളെല്ലാം ഇതിന്റെ 'എസ്കോർട്ട്' വണ്ടികളായി ഇഴയേണ്ടിവന്നത്.

മുന്നിലെത്തിയ ഇരുചക്രവാഹന യാത്രികൻ ബസ് ഡ്രൈവറോട് കയർത്തു. സൈഡാക്കി കൊടുത്താൽ ബാക്കിയുള്ളവർ കയറിപ്പോകുമല്ലോ എന്നും പറഞ്ഞു. ഇതോടെ, സ്വകാര്യബസ് ഡ്രൈവർ ബസ് ഒത്തനടുക്കങ്ങ് നിറുത്തി. എന്നിട്ട് ഡ്രൈവർ വക ഉപദേശവും, 'ഷോ ഒന്നും വേണ്ട, താൻ തന്റെ കാര്യം നോക്കി പോ...' ഇരുവരും തമ്മിൽ വാക്കുതർക്കം കുറച്ചുനേരം നീണ്ടു. അപ്പോഴും നൂറോളം യാത്രക്കാർ ബസിന് പിന്നിൽ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

പെരുമൺ- ഇളമ്പള്ളൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകളിലൊന്നാണിത്. ഒട്ടുമിക്ക ദിവസവും ഈ ബസ് മറ്റു വാഹന യാത്രക്കാരെ മിനക്കെടുത്താറുണ്ടെന്ന പരാതി പുതിയതല്ല.

# വഴിമുടക്കുന്നത് പതിവുകാഴ്ച

സ്റ്റോപ്പുകളിൽ പോലും സൈഡ് കൊടുക്കാതെ മറ്റുള്ള വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുക എന്നത് ഭൂരിഭാഗം സ്വകാര്യ ബസ് ഡ്രൈവർമാരുടെയും വിനോദമാണ്. മറ്റ് വാഹനങ്ങൾക്കൊന്നും റോഡിൽ യാതൊരു അവകാശവുമില്ലെന്ന തരത്തിലാണ് ഇത്തരക്കാരുടെ പെരുമാറ്റം. ചോദ്യം ചെയ്യുന്നവരെ ആക്രമിക്കാൻ വരെ തയ്യാറായ സംഭവങ്ങളും ജില്ലയിലുണ്ടായിട്ടുണ്ട്. നേരത്തെ ഗതാഗതവകുപ്പിന്റെയും പൊലീസിന്റെയും നിരവധി പരിശീലന ക്ലാസുകൾ ഡ്രൈവർമാർക്കായി സംഘടിപ്പിക്കുമായിരുന്നു. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ അവ താത്കാലികമായി നിറുത്തിവച്ചു. പരിശീലനക്‌ളാസുകളിൽ പങ്കെടുത്തവർക്ക് മാത്രം സ്റ്റേജ് കാരിയേജ് ബസുകൾ ഓടിക്കാനുള്ള അനുവാദം നൽകിയിരുന്നപ്പോൾ ജീവനക്കാർ കുറെയേറെ മര്യാദകൾ പാലിച്ചിരുന്നതായി യാത്രക്കാർ പറയുന്നു.

മറ്റുള്ള വാഹനങ്ങളുടെ യാത്ര തടസപ്പെടുത്തുക, ബസ് ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, റോഡിന് നടുവിൽ വാഹനം നിറുത്തിയിടുക, യാത്രക്കാരോട് കയർക്കുക തുടങ്ങിയ സംഭവങ്ങൾ ഉണ്ടായാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും

എച്ച്. അൻസാരി, ആർ.ടി.ഒ, കൊല്ലം

Advertisement
Advertisement