നിർമ്മാണമേഖലയ്ക്ക് ആശ്വാസം; കമ്പി, സിമന്റ് വില താഴോട്ട്

Monday 10 January 2022 12:33 AM IST

കോഴിക്കോട്: കൊവിഡിന് പിന്നാലെ സാധന സാമഗ്രികളുടെ വിലക്കുതിപ്പിൽ സ്തംഭിച്ചുപോയ നിർമ്മാണ മേഖലയ്ക്ക് ആശ്വാസമായി കമ്പി, സിമന്റ് വില കുറഞ്ഞു. കഴിഞ്ഞ മാസം മുതൽ കുറഞ്ഞുതുടങ്ങിയ വില പുതുവത്സരത്തിലും പ്രതീക്ഷ നൽകിയത് ഉപഭോക്താക്കൾക്കും കരാറുകാർക്കും ഉണർവേകി. ലോക്ക്ഡൗൺ കഴിഞ്ഞ വേളയിൽ ചാക്കിന് 40 മുതൽ 50 രൂപ വരെ സിമന്റ് വില വർദ്ധിച്ചിരുന്നു. 510- 520 രൂപ വരെയായിരുന്ന വില ഇപ്പോൾ 395-410 രൂപയായി കുറഞ്ഞു. എല്ലാ കമ്പനികളുടെ സിമന്റിനും 100 മുതൽ 120 രൂപ വരെ വില കുറഞ്ഞിട്ടുണ്ട്. രാംകോ, ഇന്ത്യ സിമന്റ്, ഡാൽമിയ, അംബുജ തുടങ്ങിയ കമ്പനികളുടെ സിമന്റ് വിലയിൽ കാര്യമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഒരു കിലോയ്ക്ക് 76 രൂപയായിരുന്ന കമ്പി വില 65 -68ലെത്തി. സൂര്യദേവ് ബ്രാൻഡ് കമ്പിക്ക് കിലോയ്ക്ക് 80ൽ നിന്ന് 63 രൂപയായി. ടാറ്റ 81.50, വൈശാഖ് 83, പി.കെ 78.50 എന്നിങ്ങനെയാണ് മറ്റു ബ്രാൻഡുകളുടെ വില. നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം കാരണം വൻകിട നിർമ്മാണങ്ങൾ പലതും നിറുത്തി വച്ചിരുന്നു.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലോഡ് വരാൻ തുടങ്ങിയതോടെ പെയിന്റ്, ടൈൽസ് വിലയും കുറഞ്ഞു. ലഭ്യതക്കുറവ് മൂലം വിലകുറഞ്ഞ ടൈൽസിന് നേരത്തെ ക്ഷാമം നേരിട്ടിരുന്നു. ചതുരശ്ര അടിക്ക് 80 രൂപയും കൂടുതലുമുള്ള ടൈലുകളാണ് ലഭിച്ചിരുന്നത്. നിയന്ത്രണങ്ങൾ നീങ്ങിയതോടെ 65 മുതലുള്ള ടൈലുകൾ വിപണിയിൽ സുലഭമായിട്ടുണ്ട്. അതെസമയം കല്ല്, മെറ്റൽ, കട്ട, എം സാൻഡ് എന്നിവയുടെ വിലയിൽ മാറ്റമില്ല.

ജനുവരി മുതൽ ഏപ്രിൽ വരെയാണ് കേരളത്തിലെ നിർമ്മാണമേഖല സജീവമാവുന്നത്. അതിനാൽ ജനുവരി പകുതിയോടെ സിമന്റ്, കമ്പി വില കൂടാൻ സാദ്ധ്യത ഏറെയാണ്. ഇത് മുൻകൂട്ടി കണ്ട് വലിയ നിർമ്മാണ കമ്പനികൾ സാമഗ്രികൾ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.

''വിലയിലുണ്ടായ ഈ കുറവ് വലിയ മാറ്റമായി കാണാനാകില്ല. അടുത്ത ദിവസങ്ങളിൽ വില വർധനയ്ക്ക് സാധ്യതയുണ്ട് ''

ലിജിത്ത് -പുതിയങ്ങാടി കരാറുകാരൻ

Advertisement
Advertisement