വേനലാണ്, കത്തിക്കയറരുത് !

Monday 10 January 2022 12:02 AM IST
ബീച്ചിന് സമീപം കൊച്ചുപിലാംമൂട്ടിൽ കഴിഞ്ഞ ദിവസം മാലിന്യകൂമ്പാരത്തിന് തീപിടിച്ചപ്പോൾ

കൊല്ലം: കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ ജില്ലയിൽ തീപിടിത്തങ്ങൾ ക്രമാതീതമായി വർദ്ധിച്ചതായി കണക്കുകൾ പറയുന്നു. ജില്ലയിലെ അഗ്നിശമന നിലയങ്ങളിലെ കണക്കുകൾ പ്രകാരം, ദിവസേന ഓരോ ഫയർ യൂണിറ്റും ചെറുതും വലുതുമായി ശരാശരി അഞ്ചോളം തീപിടിത്തമാണ് അണക്കാനായി ഓടുന്നത്. മാലിന്യ നിക്ഷേപത്തിലും ചവറുകളിലുമാണ് കൂടുതലും തീപിടിത്തം ഉണ്ടാകുന്നത്. ഇവയിൽ പലതും സമീപത്തുള്ള വ്യാപാരികളോ വ്യക്തികളോ കത്തിക്കുന്നതായിരിക്കും. എന്നാൽ, തീ ആളിപ്പടരുമ്പോൾ ഇവർ സ്വയം ഒഴിഞ്ഞുമാറുകയും അഗ്നിശമനസേനയുടെ സഹായം തേടുകയുമാണ് പതിവ്. അൽപ്പമൊന്ന് കരുതിയാൽ തീ ആളിപ്പടരുന്നതും അനിയന്ത്രിതമാകുന്നതും തടയാൻ കഴിയും. വേനൽക്കാലം അടുത്തതോടെ തീ കത്തിക്കുമ്പോൾ ആളിപടരാനുള്ള സാദ്ധ്യതയും കൂടുതലാണ്. ഒരാഴ്ചയ്ക്കിടെ ഒരേയിടത്ത് തന്നെ മൂന്ന് തവണ തീപിടിത്തമുണ്ടായ സാഹചര്യവും ജില്ലയിലുണ്ടായി.

# ഉച്ചയ്ക്ക് കത്തിക്കരുത്


പകൽ സമയത്ത് ചൂട് കൂടുതലായതിനാൽ ചെറിയൊരു തീപ്പൊരി മതിയാകും ചവറുകളും കരിയിലകളുമെല്ലാം ആളിക്കത്താൻ. പലരും ചവറുകൾ കത്തിക്കുന്നത് ഉച്ച സമയത്താണ്. ആ സമയത്ത് ചെറിയ കാറ്റുകൂടി ഉണ്ടായാൽ തീ ആളിക്കത്തുന്നതിന് മറ്റൊരു സഹായവും വേണ്ടിവരില്ല. ചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ അതിൽ ബോഡി സ്പ്രേയുടെ കുപ്പികളുണ്ടെങ്കിൽ അവ പൊട്ടിത്തെറിക്കാനും അതിലൂടെ സമീപത്തുള്ള ആളിന് പൊള്ളലേൽക്കാനും പരിക്ക് ഗുരുതരമാകാനും ചിലപ്പോൾ മരണം വരെ സംഭവിക്കാനും സാദ്ധ്യതയുണ്ടെന്ന് അഗ്നിശമനസേന മുന്നറിയിപ്പ് നൽകുന്നു.


# കരുതണം, ഒരു ബക്കറ്റ് വെള്ളം


ചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ ഒരു ബക്കറ്റ് വെള്ളം കൂടി ഒപ്പം കരുതുന്നത് നല്ലതാണെന്ന്

അഗ്നിശമന സേന പറയുന്നു. ചവറുകൾ കത്തിക്കുമ്പോൾ തീയെ നിസ്സാരമായി കാണുന്നവരാണ് പലരും. ചെറിയ ഒരു അശ്രദ്ധമതി തീ ആളിപ്പടരാനും അതുവഴി നാശനഷ്ടമുണ്ടാകാനും. അതിനാൽ നിയന്ത്രണ വിധേയമായി തീ കത്തിക്കുന്നതാണ് അഭികാമ്യം. തീ ആളിപടരുന്നത് ഒഴിവാക്കാൻ ബക്കറ്റിലെ വെള്ളം ഉപയോഗിക്കാം.

തീ പൂർണ്ണമായും കെട്ടതിന് ശേഷം മാത്രമേ അവിടെനിന്ന് പോകാവൂ.


# വേണം, ഒരു ഫയർ ബ്രേക്ക്


വീട്, കാലിത്തൊഴുത്ത്, വിറക് പുര എന്നിവക്ക് ചുറ്റും ഫയർ ബ്രേക്ക് നിർമ്മിക്കുന്നത് തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും. ഇവയ്ക്ക് രണ്ട് മീറ്റർ വീതിയിൽ കരിയിലകൾ, ഉണങ്ങിയ വസ്തുക്കളുടെ സാന്നിദ്ധ്യം എന്നിവ ഒഴിവാക്കുന്ന തരത്തിൽ പൂർണ്ണമായും വൃത്തിയാക്കിയിടുന്നതിലൂടെ അഗ്നിബാധ ഒഴിവാക്കാൻ സഹായകരമാകും.


# വാഹനങ്ങൾക്കും ശ്രദ്ധ വേണം


വേനൽക്കാലത്ത് വാഹനങ്ങൾക്ക് തീപിടിക്കാനും സാദ്ധ്യതയുണ്ട്. വാഹനങ്ങളുടെ ബാറ്ററിക്കുള്ളിൽ ആവശ്യത്തിന് വെള്ളമുണ്ടെന്ന് എന്ന് ഉറപ്പുവരുത്തണം. ബാറ്ററി സെല്ലുകൾ ഉണങ്ങുന്നത് ഷോർട്ട് സർക്യൂട്ടിന് കാരണമായേക്കാം. വെയിലുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യുമ്പോൾ കാറിനുള്ളിൽ മർദ്ദം കൂടുന്നത് ഒഴിവാക്കണം. വിൻഡോ ഗ്ലാസ് അൽപ്പം താഴ്ത്തിയിട്ടാൽ ഉള്ളിലെ ചൂട് കുറയ്ക്കാനാകും.

Advertisement
Advertisement