മൂന്ന് വർഷം വരെ പൊന്നുപോലെ പോറ്റേണ്ട കുഞ്ഞുങ്ങളെയാണ് മാറ്റിയത്, സ്വഭാവമനുസരിച്ച് അമ്മപ്പുലി തേടി വരുമെന്നുറപ്പ്: ഭീതിയിൽ നാട്ടുകാർ

Monday 10 January 2022 9:43 AM IST

പാലക്കാട്: ആൾപ്പാർപ്പില്ലാത്ത വീട്ടിൽ കാണപ്പെട്ട പുലിക്കുഞ്ഞുങ്ങളെത്തേടി അമ്മപ്പുലി വരും, ഉറപ്പ്. അതാണ് പുലിയുടെ പ്രകൃതം. പഴക്കംചെന്നു പൊളിഞ്ഞ വീടാണ് പുലി ഈറ്റില്ലമാക്കിയത്. ആളനക്കംകേട്ടതോടെയാണ് തള്ളപ്പുലി ചാടിപ്പോയത്. പ്രസവിച്ച് മൂന്നു ദിവസം മാത്രമായ പുലിക്കുട്ടികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലേക്കും അവിടെ നിന്ന് മൃഗാശുപത്രിയിലേക്കും മാറ്റി. അമ്മപ്പുലി എത്തുമെന്ന ഭീതിയിലാണ് ജനങ്ങൾ.

അകത്തേത്തറ പഞ്ചായത്തിൽ ഒലവക്കോട് റെയിൽവേ കോളനിക്ക് സമീപം ഉമ്മിനിയിൽ പപ്പാടിയിലെ മാധവന്റെ വീടാണ് പുലി ഈറ്റില്ലമാക്കിയത്. 15 വർഷമായി ആൾതാമസമില്ലാതെ ജനലും വാതിലും മറ്റും കേടായ വീടാണ്. വീട് നോക്കിയിരുന്ന സമീപവാസിയായ പൊന്നൻ ഇന്നലെ ഉച്ചയ്ക്ക് വീടിനു സമീപത്തുകൂടി പോകവേ, നായ്ക്കൾ അസാധാരണമായി കുരയ്ക്കുന്നത് കണ്ട് ജനൽപ്പാളി വഴി നോക്കിയപ്പോൾ കണ്ടത്. അമ്മപ്പുലി മറ്റൊരു ജനൽവഴി ചാടിപ്പോകുന്നതാണ്. സമീപ പ്രദേശത്താണ് ധോണി വനമേഖല.

നാട്ടുകാരെ വിളിച്ചുകൂട്ടിയശേഷം വനപാലകരെ അറിയിച്ചു. അവർ എത്തി വീട് പരിശോധിച്ചപ്പോഴാണ് ഒരു മൂലയിൽ രണ്ട് പുലിക്കുട്ടികളെ കണ്ടത്. മുൻകരുതലെന്നോണം വനംവകുപ്പിന്റെ ദ്രുത പ്രതികരണസേന പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

തള്ളപ്പുലിയെ പിടികൂടാൻ പ്രദേശത്ത് കൂട് സ്ഥാപിക്കും. പുലിയെയും കുഞ്ഞുങ്ങളെയും കാട്ടിലേക്ക് മാറ്റും.'

-വിജയാനന്ദ്,

സി.സി.എഫ്,

ഒലവക്കോട്

പ്രസവസങ്കേതം നേരത്തേ കണ്ടെത്തും

പ്രസവത്തിന് സുരക്ഷിത സ്ഥാനം പെൺപുലി നേരത്തേ കണ്ടുവയ്ക്കും. ഈ സ്ഥലം നേരത്തെ കണ്ടുവച്ചുവെന്ന് ഉറപ്പ്

ഒരു പ്രസവത്തിൽ അഞ്ചു കുഞ്ഞുങ്ങൾ വരെയാകാം.

വീട്ടിൽ നിന്ന് ലഭിച്ചത് രണ്ട് പെൺകുഞ്ഞുങ്ങളാണെന്ന് സൂചന. കുറച്ചുകൂടി വളർന്നാലെ അത് വ്യക്തമാകൂ.

പെൺകുഞ്ഞുങ്ങളെ അമ്മപ്പുലി മൂന്നുവർഷംവരെ പോറ്റും. ആൺകുഞ്ഞുങ്ങളെ രണ്ടു വർഷത്തോളമാകുമ്പോൾ അകറ്റും.