എസ് എഫ് ഐ പ്രവർത്തകന്റെ കൊലപാതകത്തെ ന്യായീകരിക്കില്ല, സി പി എമ്മിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന ആരോപണവും ഉണ്ടെന്ന് സുധാകരൻ

Monday 10 January 2022 6:41 PM IST

ഇടുക്കി: പൈനാവ് ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിലെ തിരഞ്ഞെടുപ്പിനിടെ എസ് എഫ് ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ട സംഭവം ഒരു തരത്തിലും ന്യായീകരിക്കില്ലെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. കൊലപാതകം കോൺഗ്രസിന്റെ രീതിയല്ലെന്നും നിരന്തരം കൊലപാതകങ്ങൾ നടത്തുന്നത് സി പി എമ്മിന്റെ രീതിയാണെന്നും സുധാകരൻ ആരോപിച്ചു. ഇടുക്കി സംഭവം ഏതു സാഹചര്യത്തിലാണ് ഉണ്ടായതെന്ന് അന്വേഷിക്കുമെന്നും കുറ്രക്കാരെ സംരക്ഷിക്കില്ലെന്നും സുധാകരൻ പറഞ്ഞു.

ഇടുക്കിയിലെ സി പി എമ്മിലെ തന്നെ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന ഒരു ആരോപണവും കേൾക്കുന്നുണ്ടെന്നും അതിനെകുറിച്ചും അന്വേഷിക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. മുൻ മന്ത്രി എം എം മണിയുടെ വിഭാഗവും എസ് രാജേന്ദ്രന്റെ വിഭാഗവും തമ്മിൽ നിലനിൽക്കുന്ന തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന ആരോപണവും പൊലീസ് പരിശോധിക്കണമെന്ന് സുധാകരൻ വ്യക്തമാക്കി. സംഭവത്തിൽ കോൺഗ്രസ് പ്രവ‌ത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ ഒരുതരത്തിലും സംരക്ഷിക്കില്ലെന്ന് കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയാണ് ധീരജിനെ കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ പൊലീസ് പിടികൂടി. ബസിൽ യാത്രചെയ്യുമ്പോഴാണ് ഇയാളെ പിടിച്ചത്. ഇന്ന് കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോളേജിന് പുറത്തുവച്ചാണ് ധീരജിനെ, നിഖിൽ പൈലി കുത്തിയത്.

ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. എസ്‌എഫ്‌ഐ, സിപിഎം പ്രവർത്തകർ ക്യാമ്പസിന് പുറത്തുള‌ള നിഖിലാണ് ആക്രമിച്ചതെന്ന് മുൻപ് വ്യക്തമാക്കിയിരുന്നു. പൊലീസും ഇതേ കാര്യമാണ് വ്യക്തമാക്കുന്നത്. യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻപ് ക്യാമ്പസിൽ നേരിയ സംഘർഷമുണ്ടായിരുന്നു. ഇതിനെ തുടർന്നുണ്ടായതാണ് ഇന്നത്തെ ആക്രമണം.

കണ്ണൂർ സ്വദേശിയാണ് ധീരജ്. സംഘർഷത്തെ തുടർന്ന് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പ് നിർത്തിവയ്‌ക്കാൻ സാങ്കേതിക സർവകലാശാല നിർദ്ദേശിച്ചു. കോളേജ് അനിശ്ചിതമായി അടച്ചതായി പ്രിൻസിപ്പലും അറിയിച്ചു.

Advertisement
Advertisement