ധീരജിന്റെ കൊലപാതകം കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ-കോടിയേരി

Tuesday 11 January 2022 4:20 AM IST

തിരുവനന്തപുരം: ഇടുക്കി പൈനാവിൽ ഗവ. എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജിന്റെ കൊലപാതകം കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ക്രൂരവും പൈശാചികവുമായ കൊലയാണ് നടന്നത്. പുറത്തുനിന്നുള്ളവരടക്കം ഇതിൽ പങ്കാളികളാണ്. കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റായി വന്നശേഷം കോൺഗ്രസ് അണികളെ അക്രമത്തിലേക്ക് തള്ളിവിടുകയാണ്. കേരളത്തിൽ നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത നീക്കമാണിത്.

ആറ് വർഷത്തിനിടെ 21 സി.പി.എം, ഡി.വൈ.എഫ്‌.ഐ, എസ്.എഫ്‌.ഐ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ധീരജിന്റെ കൊലപാതകത്തിൽ ഗൂഢാലോചനയടക്കം പുറത്തുകൊണ്ടുവരണം. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം.
ഒരു പ്രകോപനവുമില്ലാതെയാണ് പുറത്തുനിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയാണ് ധീരജിനെ കുത്തിവീഴ്ത്തിയത്. ദൃക്‌സാക്ഷികൾ ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. കെ. സുധാകരനും വി.ഡി. സതീശനുമടക്കമുള്ള കോൺഗ്രസ് നേതാക്കളുമായി അടുപ്പമുള്ളയാളാണ് നിഖിൽ പൈലി. ഇത്തരം കൊലയാളികളെ പോറ്റി വളർത്തുന്നത് കോൺഗ്രസ് നേതാക്കളാണ്. കൊലപാതക രാഷ്ട്രീയം കോൺഗ്രസ് അവസാനിപ്പിക്കണം.

Advertisement
Advertisement