കൊച്ചി റിഫൈനറിയിൽ എസ്.എ.പി പ്ളാന്റ്

Tuesday 11 January 2022 3:32 AM IST

 ശുചിത്വ ഉത്പന്നങ്ങൾക്ക് അവശ്യവസ്തു

കൊച്ചി: ബി.പി.സി.എൽ കൊച്ചി റിഫൈനറിയിൽ പ്രതിവർഷം 200 ടൺ ശേഷിയുള്ള സൂപ്പർ അബ്‌സോർബന്റ് പോളിമർ ടെക്‌നോളജി (എസ്.എ.പി) ഡെമോൺസ്‌ട്രേഷൻ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു. ഡയപ്പറുകൾ പോലുള്ള ശുചിത്വ ഉത്പന്നങ്ങളിലാണ് എസ്.എ.പി സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.

ഉദ്ഘാടനം ബി.പി.സി.എൽ എക്‌സിക്യുട്ടീവ് ഡയറക്ടർ ഇൻ-ചാർജ് (റിഫൈനറി) സഞ്ജയ് ഖന്ന നിർവഹിച്ചു. ചടങ്ങിൽ എക്‌സിക്യുട്ടീവ് ഡയറക്ടർ കെ. അജിത്കുമാർ, ചീഫ് ജനറൽ മാനേജർമാരായ ഡോ.കെ. രവികുമാർ, എസ്. ശ്രീറാം എന്നിവർ പങ്കെടുത്തു.
ബി.പി.സി.എല്ലിലെ ഗവേഷണ വികസന വിഭാഗമാണ് ഹൈജീൻ ഗ്രേഡ് എസ്.എ.പി നിർമ്മിക്കാനുളള സങ്കേതികവിദ്യ വികസിപ്പിച്ചത്. ഇതിന് പേറ്റന്റും നേടി.

റിഫൈനറിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്ത പ്രൊപിലീൻ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കൽ കോംപ്ലക്‌സിൽ നിർമ്മിക്കുന്ന അക്രിലിക് ആസിഡ് ഉപയോഗിച്ചാണ് എസ്.എ.പി നിർമ്മിക്കുന്നത്.

സാങ്കേതികവിദ്യ, പൈപ്പിംഗ്, ഇൻസ്ട്രുമെന്റേഷൻ ഡയഗ്രം, ഡീറ്റൈൽ എൻജിനീയറിംഗ്, എക്യുപ്‌മെന്റ് സ്‌പെസിഫിക്കേഷൻ എന്നിവയെല്ലാം കോർപ്പറേറ്റ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്ററും (സി.ആർ.ഡി.സി) കൊച്ചി റിഫൈനറി ടീമും സംയുക്തമായി വികസിപ്പിച്ചതാണെന്ന് സഞ്ജയ് ഖന്ന പറഞ്ഞു.

എസ്.എ.പി
ദ്രാവകരൂപത്തിലുള്ള വസ്തുക്കളെ വലിച്ചെടുക്കാനും സംഭരിക്കാനും കഴിയുന്ന വസ്തുവാണ് എസ്.എ.പി. സാനിറ്ററി നാപ്കിനുകൾ, ബേബി ഡയപ്പറുകൾ, അണ്ടർ പാഡുകൾ, മുതിർന്നവർക്കുള്ള ഡയപ്പറുകൾ എന്നിവയിലെ പ്രധാനഘടകമാണിത്.
നിലവിൽ ഇന്ത്യയിത് ഇറക്കുമതി ചെയ്യുകയാണ്. നാപ്കിനുകൾ, ഡയപ്പറുകൾ, അണ്ടർ പാഡുകൾ എന്നിവയും പ്രധാനമായി ഇറക്കുമതി ചെയ്യുന്നതാണ്.
കൊച്ചി റിഫൈനറിയിൽ എസ്.എ.പി ഉത്പാദനം ആരംഭിക്കുന്നത്
കിൻഫ്രയുടെ പുതിയ അമ്പലമുഗൾ പെട്രോകെമിക്കൽ പാർക്കിൽ ഉൾപ്പെടെയുള്ള അനുബന്ധ വ്യവസായങ്ങൾക്കും സഹായകമാകും.

Advertisement
Advertisement