ഇ-പോസ് പണിമുടക്കി : റേഷൻ വിതരണം മുടങ്ങി

Tuesday 11 January 2022 12:00 AM IST

തിരുവനന്തപുരം: ഇ പോസ് യന്ത്രത്തകരാർ പരിഹരിക്കാത്തതു കാരണം സംസ്ഥാനത്ത് തുടർ‌ച്ചയായ മൂന്നാം ദിവസവും റേഷൻ വിതരണം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ 11 ഓടെ പ്രശ്നം പരിഹരിച്ചെന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും, വൈകിട്ട് മൂന്നോടെ സർവർ വീണ്ടും തകരാറിലായി. ഇ-പോസ് മെഷീനുകളുടെ സർവർ അപ്‌ഡേറ്റ് ചെയ്തിട്ട് അധിക നാളായിട്ടില്ല.

വിരലടയാളം പതിക്കാനും ഒ.ടി.പി വരാനുമൊക്കെ ഏറെ നേരം കാത്തിരിക്കേണ്ടി വരുന്നതിനാൽ റേഷൻ വാങ്ങാനെത്തുന്നവർ രോഷാകുലരാകുന്നതായി വ്യാപാരികൾ പറയുന്നു. റേഷൻ കട നടത്തിപ്പുകാരൻ സ്വന്തം കൈ വിരൽ പതിച്ച് ഇ.പോസ് ഓണാക്കാൻ ശ്രമിച്ചാൽ ഓണാകുന്നത് മുക്കാൽ മണിക്കൂർ കഴിഞ്ഞാണ്. ഗുണഭോക്താക്കളെത്തുമ്പോൾ, കടക്കാരൻ ഇ പോസ് യന്ത്രത്തിൽ കാർഡ് നമ്പർ അടിക്കും. അംഗങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നുവെന്ന ശബ്ദ സന്ദേശം പുറകെ വരുമെങ്കിലും 20 മിനിട്ടിനു ശേഷമാണ് വിവരങ്ങൾ സ്‌ക്രീനിൽ തെളിയുന്നത്. ഉപഭോക്താവ് ആദ്യവിരൽ പതിച്ച് അഞ്ചു മിനിട്ട് കഴിഞ്ഞാണ് ,വിരലടയാളം പരാജയപ്പെട്ടതിനാൽ വീണ്ടും രണ്ട് വിരൽ പതിക്കാനുമുള്ള നിർദേശം വരുന്നത്.

Advertisement
Advertisement