ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രു. ആറിന് തുടങ്ങും

Tuesday 11 January 2022 12:57 AM IST

പത്തനംതിട്ട : നൂറ്റിപത്താമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്ത് ഫെബ്രുവരി 6 മുതൽ 13വരെ പമ്പാമണൽപ്പുറത്ത് വിദ്യാധിരാജ നഗറിൽ നടക്കുമെന്ന് ഹിന്ദുമത മഹാമണ്ഡലം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ആറിന് വൈകിട്ട് നാലിന് ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതിയും ഹിന്ദുമതമഹാമണ്ഡലം രക്ഷാധികാരിയുമായ സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ അനുഗ്രഹപ്രഭാഷണം നടത്തും. ജസ്റ്റീസ് എൻ.നഗരേഷ് മുഖ്യപ്രഭാഷണം നടത്തും. ഹിന്ദുമതമഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ അദ്ധ്യക്ഷനാകും. വൈകിട്ട് 7ന് ഹിന്ദുഐക്യവേദി അദ്ധ്യക്ഷ ശശികല ആദ്ധ്യാത്മികപ്രഭാഷണം നടത്തും. 7ന് പകൽ 3ന് നടക്കുന്ന മാർഗദർശന സഭയിൽ ധർമ്മരക്ഷയ്ക്ക് ശാസ്ത്രപഠനം എന്ന വിഷയത്തിൽ സീമാജാഗരൺ മഞ്ച് ദേശീയസംയോജകൻ എ.ഗോപാലകൃഷ്ണൻ സംസാരിക്കും. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മഹാരാജ് അദ്ധ്യക്ഷനാകും. വൈകിട്ട് 7ന് സ്വാമി ചിദാനന്ദപുരി ആദ്ധ്യാത്മികപ്രഭാഷണം നടത്തും.
എട്ടിന് 3.30ന് സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സ്വാമി നിഗമാനന്ദ തീർത്ഥപാദർ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 7ന്‌ ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി 'ധർമ്മ രക്ഷ സാമുദായിക സാംസ്‌കാരിക ആദ്ധ്യാത്മിക മണ്ഡലങ്ങളിലൂടെ' എന്ന വിഷയത്തിൽ സംസാരിക്കും. ഒൻപതിന് വൈകിട്ട് 3.30ന് അയ്യപ്പഭക്തസമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. ശബരിമല അയ്യപ്പസേവാസമാജം ദേശീയ ഉപാദ്ധ്യക്ഷൻ സ്വാമി അയ്യപ്പദാസ് പ്രഭാഷണം നടത്തും. വൈകിട്ട് 7ന് പത്തനംതിട്ട ഋഷിജ്ഞാന സാധനാലയത്തിലെ സ്വാമിനി ജ്ഞാനാഭനിഷ്ഠ പ്രഭാഷണം നടത്തും. പത്തിന് വൈകിട്ട് 3.30ന് വിദ്യാഭ്യാസസഭയിൽ വിദ്യാഭാരതീ മുൻദേശീയ അദ്ധ്യക്ഷൻ ഡോ.പി.കെ.മാധവൻ അദ്ധ്യക്ഷനാകും. സംസ്‌കൃതഭാരതി വിശ്വവിഭാഗ് സംയോജകൻ ഡോ.എ.നന്ദകുമാർ, ഭാരതീയ ശിക്ഷൺ മണ്ഡൽ സംസ്ഥാന അദ്ധ്യക്ഷൻ ഡോ.കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിക്കും.വൈകിട് 7ന് കേസരി ചീഫ് എഡിറ്റർ ഡോ.എൻ.ആർ.മധു ആദ്ധ്യാത്മിക പ്രഭാഷണം നടത്തും.
11ന് വൈകിട്ട് 3.30ന് ആചാര്യാനുസ്മരണ സഭ ചിന്മയാ ഇന്റർ നാഷണൽ ഫൗണ്ടേഷൻ ആചാര്യൻ സ്വാമി ശാരദാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. വാഴൂർ തീർത്ഥപാദാശ്രമം സെക്രട്ടറി സ്വാമി ഗരുഡധ്വജാനന്ദ അദ്ധ്യക്ഷനാകും. വൈകിട്ട് 7ന് ആർ.രാമാനന്ദ് ആദ്ധ്യാത്മികപ്രഭാഷണം നടത്തും. 12ന് വൈകിട്ട് 3.30ന് വനിതാസമ്മേളനം ജില്ലാകളക്ടർ ഡോ.ദിവ്യാഎസ്.അയ്യർ ഉദ്ഘാടനം ചെയ്യും. തിരുവല്ല അമൃതാനന്ദമയി മഠത്തിലെ സ്വാമിനി ഭവ്യാമൃത പ്രാണ അനുഗ്രഹപ്രഭാഷണം നടത്തും. വൈകിട്ട് 7ന് എൻ.സോമശേഖരൻ പ്രഭാഷണം നടത്തും. 13ന് വൈകിട്ട് നാലിന് നടക്കുന്ന സമാപനസഭ കേന്ദ്രസഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. മാതാഅമൃതാനന്ദമയിമഠത്തിലെ സ്വാമി ജ്ഞാനാമൃതാനന്ദപുരി സമാപന സന്ദേശം നൽകും. വർക്കല ശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദസ്വാമികൾ അദ്ധ്യക്ഷനാകും.
പത്രസമ്മേളനത്തിൽ ഹിന്ദുമതമഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ, സെക്രട്ടറി എ.ആർ.വിക്രമൻ പിള്ള, പബ്ലിസിറ്റി കൺവീനർ അനിരാജ് ഐക്കര, ജോയിന്റ് കൺവീനർ കെ.എസ്.അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement