വിവേകാനന്ദൻ പകർന്നു അഞ്ചുപേരിൽ ആനന്ദം

Tuesday 11 January 2022 12:02 AM IST
സി. വിവേകാനന്ദൻ

കോഴിക്കോട് : പന്തീരങ്കാവിലെ 'നന്മ' ഹോട്ടൽ ഉടമയായിരുന്ന സി.വിവേകാനന്ദന്റെ ഓർമ്മ ഇനി അഞ്ചുപേരിൽ പ്രകാശിക്കും. ജനുവരി ഏഴിന് റോഡ് അപകടത്തിൽ പരിക്കേറ്റ വിവേകാനന്ദനെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ന്യൂറോ സർജൻ ഡോ.ശിവകുമാറിന്റെ ചികിത്സയിൽ കഴിയവെ ജനുവരി ഒമ്പതിന് ഡോ.വി.ജി. പ്രദീപ് കുമാർ, ഡോ.മോഹൻ ലെസ്ലി നൂൺ, ഡോ.ഗംഗ പ്രസാദ്, ഡോ.രവീന്ദ്രൻ എന്നിവരടങ്ങിയ കമ്മിറ്റി മസ്തിഷ്‌ക മരണം നടന്നതായി സ്ഥീരികരിച്ചു.

ഡോക്ടർമാരുമായുള്ള ചർച്ചയ്ക്ക് ശേഷം വിവേകാനന്ദന്റെ കുടുംബം അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചു. കേരള സർക്കാറിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുമായി ആശുപത്രി അധികൃതർ ബന്ധപ്പെടുകയും യോഗ്യരായ സ്വീകർത്താക്കളെ കണ്ടെത്തുകയും ചെയ്തു. അഞ്ചുപേർക്കാണ് അവയവങ്ങൾ ദാനം ചെയ്തത്. വൃക്കകളിലൊന്ന് നൽകിയത് ഗോവിന്ദൻ കുട്ടിക്കാണ്. ബേബി മെമ്മോറിയലിലെ ഡോ.സുനിൽ ജോർജിന്റെ ചികിത്സയിൽ ഡയാലിസിസ് നടത്തി വന്നിരുന്ന രോഗിയാണ്. നെഫ്രോളജിസ്റ്റുകളായ ഡോ.ജയമീന, ഡോ.പ്രിയ, സർജൻ ഡോ.സൈലേഷ് ഐക്കോട്ട്, യൂറോളജി, അനസ്‌തേഷ്യ ഡോക്ടർമാർ എന്നിവരടങ്ങിയ വിദഗ്ദ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

ഹൃദയം മെട്രോമെഡ് കാർഡിയാക് സെന്ററിലേക്ക് അവയവമാറ്റത്തിനായി കൈമാറി. മലപ്പുറം സ്വദേശി തസ്നിമിനാണ് ഹൃദയം നൽകിയത്. ഒരു വൃക്കയും കണ്ണുകളും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് നൽകി.

Advertisement
Advertisement