20,000 പിന്നിട്ട് വൈറൽ പനി

Tuesday 11 January 2022 12:01 AM IST

മലപ്പുറം: പനിബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ നേരിയ ലക്ഷണങ്ങളോടെയുള്ള കൊവിഡ് കേസുകളും ഇതിൽ ഉൾപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. കാലാവസ്ഥ മാറ്റത്തിന് പിന്നാലെ ജില്ലയിൽ വൈറൽ പനി ബാധിതരുടെ എണ്ണം ഉയർന്നിട്ടുണ്ട്. വൈറൽപനിക്കും നേരിയ കൊവിഡിനും സമാനമായ ലക്ഷണങ്ങളാണ്. നേരത്തെ പനി ബാധിച്ചാൽ കൊവിഡ് ടെസ്റ്റ് നടത്താറുണ്ടെങ്കിൽ ഇപ്പോൾ രോഗികൾക്ക് ഇതിനോട് വിമുഖതയാണ്. സർക്കാർ ആശുപത്രികളിൽ എത്തുന്നവ‌ർക്ക് മൂന്ന് ദിവസത്തെ മരുന്നിന് ശേഷം കുറവില്ലെങ്കിൽ കൊവിഡ് ടെസ്റ്റിന് നിർദ്ദേശിക്കുകയാണ് ചെയ്യുന്നത്. നിലവിൽ കൊവിഡ് ബാധിതരിൽ ഭൂരിഭാഗം പേർക്കും ഹോം ക്വാറന്റൈനേ ആവശ്യം വരുന്നുള്ളൂ. ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം മുൻകാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. എന്നാൽ സമയബന്ധിതമായി കൊവിഡ് ടെസ്റ്റ് നടത്താത്തത് രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്ന ആശങ്കയുണ്ട്.

20,000 പിന്നിട്ടു

2019ലെ കൊവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി ജില്ലയിൽ പ്രതിമാസ പനി ബാധിതരുടെ എണ്ണം 20,000 പിന്നിട്ടു. കൊവിഡിന് മുമ്പ് പനി സീസണുകളിൽ പ്രതിദിനം ആയിരത്തിന് മുകളിൽ പേർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നെങ്കിൽ കൊവിഡോടെ ഇത് കുത്തനെ താഴ്ന്നു. കൊവിഡ് ടെസ്റ്റും ക്വാറന്റൈനും ഭയന്ന് പലരും സ്വയംചികിത്സ തേടുകയോ സ്വകാര്യ ക്ളിനിക്കുകളെ ആശ്രയിക്കുകയോ ചെയ്തു. കൊവിഡ് രണ്ടാംതരംഗത്തിന് ശേഷം ഈ രീതിക്ക് മാറ്റം വരികയും രോഗികൾ ആശുപത്രികളിലെത്തി ചികിത്സ തേടുകയും ചെയ്തതോടെയാണ് വീണ്ടും എണ്ണം വർദ്ധിച്ചത്. ഡിസംബറിൽ സ‌ർക്കാർ ആശുപത്രികളിൽ മാത്രം 21,765 പേർ പനി ബാധിച്ച് ചികിത്സ തേടി. ജനുവരി ഒന്നുമുതൽ ഇതുവരെ 5,686 പേർക്കാണ് പനി ബാധിച്ചത്.

കാലാവസ്ഥ മാറ്റത്തിന് പിന്നാലെ പനി ബാധിതരുടെ എണ്ണം കൂടി വരുന്നുണ്ട്. ഇനിയും വർദ്ധിക്കുകയാണെങ്കിൽ ആശുപത്രികളിൽ പനി ക്ളിനിക്കുകൾ തുടങ്ങുന്നത് ആലോചിക്കും.

ഡോ. ആർ. രേണുക, ജില്ലാ മെഡിക്കൽ ഓഫീസർ

Advertisement
Advertisement