ഒരുമി​ച്ചുറങ്ങി​, ഒടുവി​ൽ കത്തിയാഴ്ത്തി

Tuesday 11 January 2022 1:05 AM IST
കെ.എസ്.ആർ.ടി.സി കണ്ടക്ടർ ഡോമി ബിയർലി കൊലക്കേസിൽ വിധി പ്രഖ്യാപനം വന്ന ശേഷം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ.രവീന്ദ്രനുമായി സന്തോഷം പങ്കുവയ്ക്കുന്ന, ഡോമിയുടെ അമ്മ സ്റ്റെല്ല, അച്ഛൻ ജയിംസ്, സഹോദരി ഡാലിയ എന്നിവർ

കൊല്ലം: സ്വസ്ഥമായി ഒരുമിച്ച് ജീവിക്കാമെന്ന സ്വപ്നം നൽകിയാണ് ബാബു വല്ലരിയാൻ ഭാര്യ ഡോമിയുടെ കഴുത്തിൽ കത്തിയാഴ്ത്തി കൊലപ്പെടുത്തിയത്. പിണങ്ങിക്കഴിയുകയായിരുന്ന ഡോമിയെ നിരന്തരം ഫോണിൽ ബന്ധപ്പെട്ട് പ്രതി വശത്താക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ സഹോദരിയുടെ വീടിന്റെ പാലുകാച്ചൽ ചടങ്ങിന് ഒരുമിച്ച് പോകാമെന്ന സ്നേഹവാക്ക് ഡോമി വിശ്വസിച്ചു. പക്ഷേ ബാബു ഡോമിയെ കൊലപ്പെടുത്താനുള്ള ദിവസം അന്ന് മനസിൽ കുറിച്ചിരുന്നു.

സംഭവമറിഞ്ഞ് പൊലീസെത്തിയപ്പോൾ ഡോമിയുടെ മൃതദേഹത്തിനരികെ കിടക്കുകയായിരുന്നു ബാബു വല്ലരിയാൽ. രാത്രി അമിത അളവിൽ ഉറക്കഗുളിക കഴിച്ചിരുന്നെങ്കിലും വീട്ടിൽ പൊലീസും നാട്ടുകാരും നിറഞ്ഞതോടെ ബോധം തെളിഞ്ഞു. ഇടയ്ക്ക് കണ്ണുതുറന്ന് നോക്കിയപ്പോൾ പൊലീസിനെ കണ്ടു. ഇതോടെ വീണ്ടും കണ്ണടച്ച് അബോധാവസ്ഥ അഭിനയച്ചു. ഒടുവിൽ പിടിവീണതോടെ, അജ്ഞാതരായ രണ്ട് പേരാണ് സംഭവത്തിനു പിന്നിലെന്നായി പ്രതിയുടെ വാദം. രണ്ടുപേർ ടെറസിൽ വച്ച് ഡോമിയെ കൊലപ്പെടുത്തിയ ശേഷം കക്കൂസിനു സമീപം തള്ളിയതാണെന്ന പ്രതിയുടെ വാദം കോടതി തള്ളി.

 നിർണായക സാക്ഷിയായി ആൽഫ്രഡ്

സംഭവം നടന്നതിന്റെ തലേന്ന് രാത്രി കെ.എം.എം.എല്ലിന് മുന്നിൽ ഡോമി ബസിറങ്ങി. അവിടെ കാത്തുനിന്ന ബാബുവും ഡോമിയും ആൽഫ്രഡിന്റെ ഓട്ടോറിക്ഷയിലാണ് കോയിവിളയിലെ വീട്ടിലെത്തിയത്. ബാബു ബൈക്കിൽ വരുന്നത് ആൽഫ്രഡ് കണ്ടിരുന്നു. ബൈക്കിൽ പോയാൽ പോരേയെന്ന ഓട്ടോറിക്ഷ ഡ്രൈവറുടെ ചോദ്യത്തിന് കാറ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ടെന്നായിരുന്നു പ്രതിയുടെ മറുപടി. തന്നെ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആദ്യ ഭാര്യ സ്മിത ബാബു വല്ലരിയാന് എതിരെ മൊഴി നൽകിയി​രുന്നു

 സന്തോഷത്തി​ൽ ഗോപകുമാർ

ബാബു വല്ലരിയാന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചപ്പോൾ, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബി. ഗോപകുമാർ ഏറെ സന്തോഷത്തി​ലായി​രുന്നു. കേസിൽ ദൃക്സാക്ഷികളില്ലാത്തതിനാൽ പ്രതിക്ക് രക്ഷപ്പെടാനുള്ള സാദ്ധ്യത ഏറെയായിരുന്നു. അതുണ്ടാകാതിരിക്കാൻ സാഹചര്യത്തെളിവുകൾ ഓരോന്നായി ഗോപകുമാർ കോർത്തിണക്കുകയായിരുന്നു.

വളരെ ക്രൂരമായ കൊലപാതകത്തിൽ പ്രതിക്ക് ശിക്ഷ ഉറപ്പാക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്

പാരിപ്പള്ളി ആർ. രവീന്ദ്രൻ, സ്പെഷ്യൽ പ്രോസിക്യൂട്ടർ

Advertisement
Advertisement