സുധാകരൻ രക്തദാഹിയായ രാഷ്ട്രീയക്കാരൻ, കൊലക്കത്തിയില്ലാതെ രാഷ്ട്രീയം നടത്താൻ അറിയില്ലെന്ന് റഹീം
ഇടുക്കി: എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയും, എസ് എഫ് ഐ പ്രവർത്തകനുമായ ധീരജിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം. കൊലപാതകത്തെ കോൺഗ്രസ് ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും, ഇത് കൂടുതൽ ക്രൂരമാണെന്നും അദ്ദേഹം പറഞ്ഞു.
കൊലക്കത്തിയില്ലാതെ രാഷ്ട്രീയം നടത്താൻ കെ സുധാകരന് അറിയില്ലെന്ന് റഹീം വിമർശിച്ചു. സുധാകരൻ രക്തദാഹിയായ രാഷ്ട്രീയക്കാരനാണെന്നും, സംഭവത്തിൽ സാങ്കൽപിക കഥകൾ മെനയാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഗുണ്ടാ സംഘങ്ങളിലൂടെ, അക്രമ രാഷ്രീയത്തിലൂടെ കേരളം പിടിക്കാനാണ് സുധാകരൻ ശ്രമിക്കുന്നതെന്നും റഹീം വിമർശിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് നാലാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ധീരജ് ദാരുണമായി കൊല്ലപ്പെട്ടത്. കാമ്പസിനു പുറത്ത് കോളേജ് ഗേറ്റിന് സമീപമായിരുന്നു സംഭവം. രണ്ടു പേർക്ക് കത്തിക്കുത്തിൽ സാരമായി പരിക്കേറ്റിരുന്നു.