കണ്ണൂരിൽ കടുത്ത ജാഗ്രത, കെ സുധാകരനും ഡിസിസി ഓഫീസിനും പൊലീസ് സുരക്ഷ

Tuesday 11 January 2022 12:45 PM IST

കണ്ണൂർ: ഇടുക്കിയിലെ എസ് എഫ് ഐ പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘർഷ സാദ്ധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന് പൊലീസ് സുരക്ഷ. ഡിസിസി ഓഫീസില്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാൻ കെ സുധാകരന്‍ എത്തുന്നത്കൊണ്ട് തന്നെ ഒരു ബസ് പൊലീസ് സംഘം അവിടെ നില ഉറപ്പിച്ചിട്ടുണ്ട്.

സംഘർഷ സാദ്ധ്യതയുടെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലാകെ പൊലീസ് ജാഗ്രത കർശനമാക്കി. സിപിഎം ശക്തികേന്ദ്രങ്ങളിലെ കോൺഗ്രസ് ഓഫീസുകൾക്കും സുരക്ഷ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം കെ സുധാകരൻ പങ്കെടുക്കുന്ന കോൺഗ്രസ് മേഖലാ കൺവെൻഷനിലേക്ക്‌ എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചെത്തിയതോടെ സംഘഷാവസ്ഥയുണ്ടായിരുന്നു. ആദ്യം എസ് എഫ് ഐ പ്രവർത്തകർ നടത്തിയ മാർച്ചിനിടെ സംഘർഷം ഉണ്ടായി. തുടർന്ന് പൊലീസ് എത്തി ഇവരെ പിന്തിരിപ്പിച്ചു. എന്നാൽ പിന്നീട് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും എത്തി. ഇവർ തമ്മിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും അത് സംഘർഷത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

അതേസമയം ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ കുത്തേറ്റ് മരിച്ച എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്‍റെ മൃതദേഹവുമായി വിലാപയാത്ര കണ്ണൂരിലേക്ക് പുറപ്പെട്ടു.