ബി.ജെ.പി എം.എൽ.എമാരുടെ സസ്പെൻഷൻ: നിയമസഭാ മണ്ഡലത്തെ ശിക്ഷിക്കുന്നതിന് തുല്യമെന്ന് സുപ്രീംകോടതി

Wednesday 12 January 2022 12:00 AM IST

ന്യൂഡൽഹി: മോശം പെരുമാറ്റം ആരോപിച്ച് 12 ബി.ജെ.പി എം.എൽ.എമാരെ ഒരു വർഷത്തേക്ക് സസപെൻഡ് ചെയ്ത മഹാരാഷ്ട്ര നിയമസഭയുടെ നടപടിയിലൂടെ അംഗത്തെയല്ല, മണ്ഡലത്തെ മൊത്തത്തിൽ ശിക്ഷിക്കുകയായിരുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സസ്പെൻഷൻ കാലാവധി അനുവദനീയമായ പരിധിക്കപ്പുറത്താണെന്ന് ജസ്റ്റിസ് എ.എം. ഖാൻ വിൽക്കർ, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രസക്തമായ ചട്ടങ്ങളനുസരിച്ച് 60 ദിവസത്തിൽ കൂടുതൽ ഒരംഗത്തെ ശിക്ഷിക്കാൻ നിയമസഭയ്ക്ക് അധികാരമില്ല. ഒരംഗം 6 മാസത്തിനപ്പുറം ഒരു മണ്ഡലത്തെ സഭയിൽ പ്രതിനിധീകരിച്ചില്ലെങ്കിൽ സഭയിൽ നിന്ന് പുറത്താകും. കോടതി ചൂണ്ടിക്കാട്ടി.

ഒരു നിയമസഭ നൽകുന്ന ശിക്ഷ കോടതിക്ക് പരിശോധിക്കാനാകില്ലെന്ന മഹാരാഷ്ട്രാ സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ സി.ആര്യാമ സുന്ദരത്തിന്റെ വാദം കോടതി നിരസിച്ചു. സംസ്ഥാനത്തിന്റെ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സമയം അനുവദിക്കണമെന്ന അഭിഭാഷകന്റെ അഭ്യർത്ഥനയനുസരിച്ച് എം.എൽ.എമാരുടെ ഹർജി 18 ന് വീണ്ടും കേൾക്കാനായി മാറ്റി.

Advertisement
Advertisement