പന്തളത്ത് തീർത്ഥാടക പ്രവാഹം

Wednesday 12 January 2022 12:07 AM IST
ഭക്തജനത്തിരക്കിൽ ശരണം വിളിയാൽ മുഖരിതമായ ശബരിമല ശ്രീകോവിലിന് സമീപം ശംഖനാദം മുഴക്കുന്ന ഭക്തൻ

പന്തളം: തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാൻ ഇരുമുടിക്കെട്ടേന്തിയ ആയിരക്കണക്കിന് അയ്യപ്പന്മാരാണ് ഇന്നലെ മുതൽ പന്തളത്തെത്തി ക്യാമ്പ് ചെയ്യുന്നത്. ഇതോടെ വലിയകോയിക്കൽ ക്ഷേത്രദർശനത്തിനും തിരുവാഭരണദർശനത്തിനും വൻ തിരക്ക് അനുഭവപ്പെട്ടു. പരമ്പരാഗത പാതയിലൂടെ ഘോഷയാത്രയെ അനുഗമിക്കാനാണ് കൊച്ചു കുട്ടികളുൾപ്പെടെയുള്ള അയ്യപ്പന്മാരും മാളികപ്പുറങ്ങളും വ്രതശുദ്ധിയോടെ എത്തിയത്. അതി കഠിനമായ ചൂടിനെയും വകവയ്ക്കാതെ കാൽനടയായാണ് പലരുടെയും യാത്ര.

ഗതാഗത നിയന്ത്രണം

പന്തളം: പന്തളത്ത് ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. എം.സി റോഡിൽ ചെങ്ങന്നൂർ ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ കുറുന്തോട്ടയം കവലയിൽ നിന്ന് തിരിഞ്ഞ് തുമ്പമൺ, അമ്പലക്കടവ്, കുളനട വഴിയും, അടൂർ ഭാഗത്തേക്കുപോകേണ്ട വാഹനങ്ങൾ കുളനട ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് അമ്പലക്കടവ്, തുമ്പമൺ കീരുകുഴി വഴിയും പോകേണ്ടതാണ്. പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷൻ മുതൽ കുളനട വരെ എം.സി റോഡിനിരുവശത്തും വാഹന പാർക്കിംഗ് അനുവദിക്കില്ല.

സുരക്ഷാക്രമീകരണം
പന്തളം: തിരുവാഭരണഘോഷയാത്രയ്ക്ക് വൻസുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലാപൊലീസ് മേധാവി സ്വപ്നിൽ മധുകുമാർ മഹാജൻ ഇന്നലെ വൈകിട്ട് ക്ഷേത്രത്തിലും കൊട്ടാരത്തിലുമെത്തി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. 250 ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പത്തനംതിട്ട എ.ആർ ക്യാമ്പിലെ അസി: കമാണ്ടന്റ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 40 സായുധപൊലീസുകാരും ബോംബുസ്‌ക്വാഡും അനുഗമിക്കും.

ഘോഷയാത്രയുടെ ആദ്യദിനം

പന്തളം: തിരുവാഭരണഘോഷയാത്ര ഉച്ചയ്ക്ക് 1ന് പന്തളം വലിയകോയിക്കൽക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. 1.30ന് കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, 2ന് കുളനട ഭഗവതിക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ദർശനത്തിന് തുറക്കും. 2.15ന് കൈപ്പുഴ ഗുരുമന്ദിരം, 2.30ന് ഉള്ളന്നൂർ ദേവീക്ഷേത്രത്തിൽ തിരുവാഭരണ ദർശനം ഒരുക്കും. 3.15ന് കരിയറപ്പടി, പറയങ്കര, തവിടുപൊയ്ക വഴി 3.30ന് കുറിയാനിപ്പള്ളി ക്ഷേത്രത്തിൽ എത്തും. തുടർന്ന് കൂടുവെട്ടിക്കൽ വഴി കാവുംപടി ക്ഷേത്രം. 4.30ന് കിടങ്ങന്നൂർ ജംഗ്ഷൻ, 5ന് നാല്ക്കാലിക്കൽ സ്‌കൂൾ ജംഗ്ഷൻ, 5.30ന് ആറന്മുള കിഴക്കേനട, 5.45ന് പൊന്നുംതോട്ടം ക്ഷേത്രം വഴി 7ന് പാമ്പാടിമൺ ക്ഷേത്രത്തിൽ ദർശനമൊരുക്കും. 8.30ന് ചെറുകേൽപ്പുഴ ക്ഷേത്രം, 9.30ന് അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി തിരുവാഭരണ പേടകം തുറന്നുവയ്ക്കും.സംഘം വിശ്രമിക്കും.

Advertisement
Advertisement