ഡോ.എൻ.ചന്ദ്രശേഖരൻ നായർ അന്തരിച്ചു

Wednesday 12 January 2022 1:30 AM IST
പദ്മശ്രീ പ്രൊഫ .എൻ .ചന്ദ്രശേഖരൻ നായർ പദ്മാപുരസ്കാരവുമായ്

തിരുവനന്തപുരം: സാഹിത്യകാരനും ഹിന്ദി ഭാഷാ പ്രചാരകനും കേരള ഹിന്ദി സാഹിത്യ അക്കാഡമിയുടെ സ്ഥാപകനുമായ ഡോ.എൻ.ചന്ദ്രശേഖരൻ നായർ (97) അന്തരിച്ചു. പട്ടം ലക്ഷ്മിനഗറിലെ 'ശ്രീനികേതനി'ൽ തിങ്കളാഴ്ച അർദ്ധരാത്രിയോടെയായിരുന്നു അന്ത്യം. 2020ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ കാരണം ഡൽഹിയിലെത്തി പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങാനാകാത്തതിനാൽ കഴിഞ്ഞ മാസം ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പട്ടത്തെ വസതിയിലെത്തിയാണ് കൈമാറിയത്. തിരുവനന്തപുരം എം.ജി കോളേജ് ഹിന്ദി വിഭാഗം തലവനായിരുന്നു. 1924ൽ കൊല്ലം ശാസ്താംകോട്ടയിലാണ് ജനനം.

ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടത്തി. ഗാന്ധിയനും മദ്യവിരുദ്ധസമിതി നേതാവുമായിരുന്ന അന്തരിച്ച പ്രൊഫ. എം.പി.മന്മഥന്റെ മകൾ പരേതയായ പി.ശാരദയാണ് ഭാര്യ. മക്കൾ: പരേതനായ

ശരത് ചന്ദ്രൻ (ഡോക്യുമെന്ററി സംവിധായകൻ), ഡോ.എസ്.സുനന്ദ (സെക്രട്ടറി ജനറൽ, കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ടെക്സ്റ്റൈൽ ഇൻഡസ്ട്രി, ന്യൂഡൽഹി), ചലച്ചിത്ര നടി നീരജ രാജേന്ദ്രൻ. മരുമക്കൾ: അനിൽ കുമാർ വാസുപിള്ള (അഡി. എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ടെക്നിക്കൽ ടെക്‌സ്റ്റൈൽ അസോസിയേഷൻ, ന്യൂഡൽഹി), എൻ.വി.രാജേന്ദ്രൻ (ബ്രിട്ടീഷ് കൗൺസിൽ മുൻ ഉദ്യോഗസ്ഥൻ).

Advertisement
Advertisement