മനുഷ്യനിൽ തുടിക്കുന്നു ഇതാ, പന്നിയുടെ ഹൃദയം

Wednesday 12 January 2022 1:20 AM IST

മേരിലാൻഡ്: വൈദ്യശാസ്ത്രത്തിൽ ചരിത്രം കുറിച്ച് മനുഷ്യനിൽ വച്ചുപിടിപ്പിച്ച പന്നിയുടെ ഹൃദയം ശരിയായി തുടിക്കുന്നു. പന്നികളുടെ ഹൃദയവാൽവുകൾ ഹൃദ്രോഗികളിൽ ഉപയോഗിച്ചുവരുന്നുണ്ടെങ്കിലും ഹൃദയം മുഴുവനായി മാറ്റിവയ്ക്കുന്നത് ആദ്യമാണ്.

അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മെരിലാൻഡ് മെഡിക്കൽ സ്കൂളിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്. ഡേവിഡ് ബെന്നറ്റ് എന്ന 57കാരനാണ് ഭാവിയിൽ അനേകം മനുഷ്യരെ മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനായേക്കാവുന്ന നിർണായക പരീക്ഷണത്തിന് വിധേയനായത്.

ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഡോക്ടർമാർ തുന്നിച്ചേർത്തത്. ജനുവരി 8നായിരുന്നു ഒമ്പത് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ. മൂന്ന് ദിവസം പിന്നിട്ടിട്ടും ഡേവിഡ് ആരോഗ്യവാനായി തുടരുന്നതാണ് പ്രതീക്ഷയേകുന്നത്. ഡേവിഡ് എത്രകാലം പന്നിയുടെ ഹൃദയവുമായി ജീവിക്കുമെന്ന് വ്യക്തമല്ല.

മരണത്തോട് മല്ലടിച്ച ഡേവിഡിനെ രക്ഷിക്കാനുള്ള ഏക വഴിയായിരുന്നു ഈ ശസ്ത്രക്രിയ. ജനിതകമാറ്റം വരുത്തിയ മൃഗ ഹൃദയം മനുഷ്യശരീരം ഉടൻ തിരസ്‌കരിക്കില്ലെന്ന് ഈ ശസ്ത്രക്രിയ തെളിയിച്ചു.

ഗവേഷണം 17ാം നൂറ്റാണ്ടു മുതൽ

17ാം നൂറ്റാണ്ടു മുതൽ സീനോട്രാൻസ്‌പ്ലാന്റേഷൻ ( xenotransplantation ), അഥവാ ക്രോസ് - സ്പീഷീസ് ഓർഗൻ ഡൊണേഷൻ എന്ന ഈ മേഖലയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടക്കുന്നുവരുന്നു. ഡേവിഡിന്റെ ശരീരവുമായി പൊരുത്തപ്പെടാത്ത നിരവധി ജീനുകളെ ഒഴിവാക്കിയും മനുഷ്യ ജീനുകളെ ഉൾപ്പെടുത്തിയും ജനിതകമാറ്റം വരുത്തിയ ഒരു വയസ് പ്രായമുള്ള പന്നിയുടെ ഹൃദയമാണ് മാറ്റിവയ്ക്കലിന് തിരഞ്ഞെടുത്തത്. വിർജീനിയ ആസ്ഥാനമായുള്ള റിവൈവികോർ എന്ന ബയോടെക് സ്ഥാപനമാണ് ജനിതക എഡിറ്റിംഗ് നടത്തിയത്. മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യനിൽ വച്ചുപിടിപ്പിക്കാനുള്ള ഗവേഷണത്തിലെ വൻ കുതിച്ചുചാട്ടമാണിത്.

Advertisement
Advertisement