ഗവർണർക്ക് കേരള വി.സിയുടെ മറുപടി "മനസ് പതറുമ്പോൾ കൈ വിറയ്ക്കുന്നത് കുറവല്ല"

Wednesday 12 January 2022 1:14 AM IST

തിരുവനന്തപുരം: രണ്ടു വരി തെ​റ്റാതെ എഴുതാൻ കഴിയാത്ത വ്യക്തി എങ്ങനെ കേരള സർവകലാശാലയുടെ വൈസ് ചാൻസലറായി തുടരുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരസ്യ വിമർശനത്തിനു മറുപടിയുമായി കേരള സർവകലാശാലാ വി.സി ഡോ.വി.പി മഹാദേവൻ പിള്ള. മനസു പതറുമ്പോൾ കൈ വിറച്ചുപോവുന്ന സാധാരണത്വം കുറവായി കാണുന്നില്ലെന്നാണ് മറുപടി.

നാലു വാചകങ്ങളിലെ വിശദീകരണം വൈസ്ചാൻസലറുടെ ലെറ്റർ ഹെഡിലാണ് പുറത്തിറക്കിയത്. പ്രസ്താവനയ്ക്ക് ചുവടെ ഒപ്പും സീലുമുണ്ട്. അക്ഷര, വ്യാകരണ പിശകുകളോടെ ഗവർണർക്ക് വി.സി നേരത്തേ സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത് വിവാദമായിരുന്നു. രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകാനുള്ള നിർദ്ദേശം ചില സിൻഡിക്കേറ്റ് അംഗങ്ങളോട് കൂടിയാലോചിച്ച് നിരസിക്കുന്നുവെന്ന് അറിയിച്ചായിരുന്നു കത്ത്. ഈ കത്ത് തനിക്ക് നാണക്കേടുണ്ടാക്കിയെന്ന് ഗവർണർ പറഞ്ഞിരുന്നു.

വി.സിയുടെ കത്ത്:

"ജീവിതത്തിന്റെ ഗ്രാമറും സ്പെല്ലിംഗും തെറ്റാതിരിക്കാൻ ഞാൻ പരമാവധി ജാഗരൂകനാണ്. മനസ് പതറുമ്പോൾ കൈ വിറച്ചു പോവുന്ന സാധാരണത്വം ഒരു കുറവായി ഞാൻ കാണുന്നില്ല. ഗുരുഭൂതന്മാരുടെ നല്ല പാഠങ്ങൾ ഉൾക്കൊള്ളാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതൽ പ്രതികരണത്തിനില്ല".

Advertisement
Advertisement