കൊവിഡ്: ടി.പി.ആർ 14.18%, ഇന്നലെ 9066 രോഗികൾ

Wednesday 12 January 2022 1:15 AM IST

 മരണസംഖ്യ അരലക്ഷം കടന്നു

തിരുവനന്തപുരം: കൊവിഡ് വ്യാപനം സംസ്ഥാനത്ത് വീണ്ടും അതിരൂക്ഷമാകുന്നു. പരിശോധനയിൽ കാര്യമായ വർദ്ധനവ് ഇല്ലെങ്കിലും രോഗികൾ പെരുകുന്ന സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. ഇന്നലെ 9066 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 14.18ശതമാനമാണ് ടെസ്റ്ര് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 63,898 സാമ്പിളുകളാണ് പരിശോധിച്ചത്. അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവർ അരലക്ഷം കടന്നു. ഇന്നലെ 246 മരണങ്ങൾ കൂടി പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ ആകെ മരണസംഖ്യ 50,053 ആയി.

73ദിവസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് കൊവിഡ് പ്രതിദിന കേസുകളുടെ എണ്ണത്തിൽ ഇത്രയധികം വർദ്ധനവുണ്ടാകുന്നത്. തിരുവനന്തപുരത്താണ് ഇന്നലെ ഏറ്റവും കൂടുതൽ കേസ് റിപ്പോ‌ർട്ട് ചെയ്തത്. ഇവിടെ ടി.പി.ആർ 22.4ശതമാനത്തിലെത്തി. എറണാകുളത്ത് 1478 കേസും റിപ്പോർട്ട് ചെയ്തു മറ്റെല്ലാ ജില്ലകളിലും ആയിരത്തിൽ താഴെയാണ് രോഗികൾ. സ്ഥിതി ഗുരുതരമാകുമ്പോഴും നിയന്ത്രണങ്ങൾ പേരിന് മാത്രം ഒതുങ്ങുകയാണ്. മറ്റുസംസ്ഥാനങ്ങൾ രോഗവ്യാപനം പിടിച്ചു നിറുത്താനുള്ള ശ്രമം ആരംഭിച്ചെങ്കിലും കേരളം അതിലേക്ക് കടന്നിട്ടില്ല. തിങ്കളാഴ്ച ചേർന്ന കൊവിഡ് അവലോകനയോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങളുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് ഉൾപ്പെടെ പ്രതീക്ഷിച്ചെങ്കിലും കൂടുതൽ കാര്യങ്ങൾ അടുത്ത ആഴ്‌ച പരിഗണിക്കാനായി മാറ്റിവച്ചു.

Advertisement
Advertisement