തുള്ളി വെള്ളമില്ലാതെ ഫയർ ഹൈഡ്രൻഡുകൾ!

Wednesday 12 January 2022 1:25 AM IST

കൊല്ലം: തീപിടി​ത്തമുണ്ടാവുമ്പോൾ അഗ്‌നിശമന സേനയ്ക്ക് വെള്ളം ശേഖരി​ക്കാനായി​ പ്രധാന നഗരങ്ങളി​ലെ റോഡുകളോടു ചേർന്ന് സ്ഥാപി​ച്ചി​ട്ടുള്ള 'ഫയർ ഹൈഡ്രൻഡു'കൾ നോക്കുകുത്തികളാവുന്നു. വാട്ടർ അതോറിട്ടിയുടെ പൈപ്പുമായി ബന്ധിപ്പിച്ച് സ്ഥാപിച്ചിട്ടുള്ള ഹൈഡ്രൻഡുകളിൽ ഹോസ് ഘടിപ്പിച്ച് അഗ്നിശമന സേനയ്ക്ക് വെള്ളമെടുക്കാനാവും. പക്ഷേ, ഇവയുടെ പ്രവർത്തന ക്ഷമത പരിശോധിക്കുന്നേയില്ല.

ജില്ലയിൽ കൊല്ലം നഗരത്തിനു പുറമെ കരുനാഗപ്പള്ളി, കൊട്ടാരക്കര മേഖലകളിലും ഹൈഡ്രൻഡുകൾ സ്ഥാപിച്ചിണ്ട്. പക്ഷേ, പലതും കണ്ടെത്താൻ പോലും സാധിക്കാത്ത അവസ്ഥയിലായി. നഗരത്തിലാകട്ടെ നിലവിലുള്ള 12 ഹൈഡ്രൻഡ് പോയിന്റുകളിൽ കളക്ടർ ബംഗ്‌ളാവിന് സമീപത്തുള്ള ഒരെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. നഗരത്തിൽ 15ഓളം സ്ഥലങ്ങൾ ഫയർ സ്‌പോട്ടുകളായി അഗ്‌നിശമന സേന തന്നെ കണക്കുകൂട്ടുമ്പോഴും ഫയർ ഹൈഡ്രൻഡുകൾ പ്രവർത്തിക്കാത്തത് ഗൗരവമായി കാണുന്നില്ല. കോഴിക്കോട് മിഠായി തെരുവിലും കൊച്ചി നഗരമദ്ധ്യത്തിലെ ചെരുപ്പുകടയ്ക്കും ബ്രഹ്മപുരത്തുമൊക്കെ തീ ആളിക്കത്തിയപ്പോൾ വെള്ളം നിറയ്ക്കാനായി അഗ്‌നിശമന വാഹനങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞത് ദയനീയ കാഴ്ചയായിരുന്നു.

കൊട്ടാരക്കര, കരുനാഗപ്പള്ളി, കൊല്ലം നഗരം എന്നിവിടങ്ങളിലൊക്കെ വ്യാപാരസ്ഥാപനങ്ങൾ തിങ്ങിഞെരുങ്ങിയാണ് സ്ഥിതിചെയ്യുന്നത്. പുതിയ സ്ഥാപനങ്ങളിൽ അഗ്‌നി നിയന്ത്റണ വസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഗുരുതരമായ സ്ഥിതികളിലേക്ക് കടന്നാൽ അവ കാര്യമായ പ്രയോജനം ചെയ്യില്ല. നിലവിലുള്ള ഫയർ ഹൈഡ്രൻഡുകൾ നിസാരമായ അ​റ്റകു​റ്റപണികൾ നടത്തിയാൽ മാത്രം ഉപയോഗിക്കാനാവും. ജലവിഭവ വകുപ്പാണ് മുൻകൈ എടുക്കേണ്ടത്.


# അടിസ്ഥാന ഘടകം

ഫയർ ഹൈഡ്രൻഡുകൾ അല്ലെങ്കിൽ ഫയർകോക്ക് എന്നത് അഗ്‌നിശമന സേനയ്ക്ക് ആവശ്യമായ ജലം സംഭരിക്കുന്നതിനായി ടാപ്പ് ചെയ്യാൻ കഴിയുന്ന ഒരു കണക്ഷൻ പോയിന്റാണ്. ഇത് സജീവ അഗ്‌നി സംരക്ഷണത്തിന്റെ ഒരു ഘടകമാണ്. പതിനെട്ടാം നൂ​റ്റാണ്ട് മുതൽ യൂറോപ്പിലും ഏഷ്യയിലും ഭൂഗർഭ അഗ്‌നി ഹൈഡ്രൻഡുകൾ ഉപയോഗിച്ചിരുന്നുവെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. 19-ാം നൂ​റ്റാണ്ടിലെ കണ്ടുപിടിത്തമാണ് ഭൂമിക്ക് മുകളിലുള്ള പില്ലർ ടൈപ്പ് ഹൈഡ്രൻഡുകൾ.

# പ്രവർത്തനം

 ഫയർ ഹൈഡ്രൻഡ് ഒരു ഹോസ് വഴി ഫയർ എൻജിനിൽ ഘടിപ്പിക്കും
 ഹൈഡ്രൻഡിലെ വാൽവ് തുറന്ന് ശക്തമായ പമ്പിംഗിലൂടെ ജലം സംഭരിക്കും
 സ്ഥാപിച്ചിരിക്കുന്നത് പ്രധാന തീപിടിത്ത സാദ്ധ്യതാ മേഖലകളിൽ
 ഫയർ ഹൈഡ്രൻഡിന്റെ ഒരു നിശ്ചിത അകലത്തിലല്ലാതെ വാഹനം പാർക്ക് ചെയ്യുന്നത് നിയമ വിരുദ്ധമാണ്
 കറുപ്പിൽ മഞ്ഞ, ചുവപ്പ് നിറങ്ങളിൽ ഇവ കാണുന്നു

# ഹൈഡ്രൻഡുകളുള്ള പ്രധാന കേന്ദ്രങ്ങൾ

 തുറമുഖങ്ങൾ, ഹാർബറുകൾ
 പ്രധാന ആശുപത്രികൾ
 തിരക്കേറിയ വ്യാപാര കേന്ദ്രങ്ങൾ
 പ്രധാന കവലകൾ, ടൗണുകൾ
 വ്യവസായ മേഖല
 അതിസുരക്ഷാ കേന്ദ്രങ്ങൾ

Advertisement
Advertisement