നടിക്ക് വേണ്ട സമയത്ത് പിന്തുണ ലഭിച്ചില്ല: ഡബ്ളിയു.സി.സി

Wednesday 12 January 2022 2:17 AM IST

കൊച്ചി: അതിക്രമത്തിനിരയായ നടിക്ക് അതിജീവനത്തിന്റെ പാതയിൽ വേണ്ട സമയത്ത്, വേണ്ട രീതിയിൽ പിന്തുണ ലഭിച്ചില്ലെന്ന് സിനിമയിലെ വനിതാ കൂട്ടായ്‌മ (ഡബ്ളിയു.സി.സി). ഇക്കാര്യത്തിലെ നിരാശ സംഘടന ഫേസ്ബുക്ക് കുറിപ്പിൽ പ്രകടമാക്കി.
ഇരയായ സഹോദരിയുടെ വാക്കുകൾക്ക് മലയാള, അന്യഭാഷ സിനിമാരംഗത്തുനിന്നും മറ്റ് മേഖലകളിൽ നിന്നും ലഭിച്ച വിപുലമായ പിന്തുണ സ്തുത്യർഹമാണ്. ഇപ്പോൾ നൽകുന്ന പിന്തുണയും ബഹുമാനവും ഏതു രീതിയിലാണ് വ്യാഖ്യാനിക്കേണ്ടതെന്ന് ചോദിക്കാൻ തങ്ങൾ നിർബന്ധിതരാവുകയാണ്. സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കിടുകയല്ലാതെ തൊഴിലിടങ്ങളിൽ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ നടപ്പാക്കാൻ സിനിമാനിർമ്മാതാക്കൾ തയ്യാറാകുന്നില്ല.

പുരുഷ സഹപ്രവർത്തകർ അവർക്കുള്ള സ്വാധീനവും അധികാരവും ഉപയോഗിച്ച് സ്ത്രീകൾക്ക് ന്യായവും ആരോഗ്യകരവും സുരക്ഷിതവുമായ പ്രവർത്തനാന്തരീക്ഷം ഉണ്ടെന്നും പാർശ്വവത്കരിക്കപ്പെടുന്നില്ലെന്നും ഉറപ്പുവരുത്തണം. അതാണ് തങ്ങൾക്ക് വേണ്ട പിന്തുണ. മലയാള സിനിമാരംഗത്ത് പുരോഗമനപരവും വ്യവസ്ഥാനുസൃതവുമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള പ്രയത്‌നത്തിൽ നിന്ന് ഒരുതരത്തിലും പിന്നോട്ടു പോകില്ലെന്നും സംഘടന ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

Advertisement
Advertisement