ആട് തോമയും തുളസിയുമായി എത്തി കല്യാണച്ചെക്കനും പെണ്ണും; വീഡിയോ ഏറ്റെടുത്ത് മോഹൻലാൽ ഫാൻസ്

Wednesday 12 January 2022 4:26 PM IST

'സേവ് ദ ഡേറ്റി"ൽ പുതുമകൾ പരീക്ഷിക്കാനുള്ള മത്സരമാണ് ചെറുപ്പക്കാർക്കിടയിൽ ഇപ്പോൾ നടക്കുന്നത്. കടുത്ത മോഹൻലാൽ ആരാധകനായ ഒരു വരൻ സ്വന്തം 'സേവ് ദ ഡേറ്റ്" വീഡിയോ ചെയ്യുമ്പോൾ എന്തായിരിക്കും തീം ആയി എടുക്കുക. മലയാളികളുടെ മനസിൽ എന്നും നിറഞ്ഞു നിൽക്കുന്ന മോഹൻലാൽ കഥാപാത്രം ആടുതോമയെ തന്നെ കക്ഷി സെലക്‌ട് ചെയ്തു.

തോമയുടെ കാമുകി തുളസിയായെത്തിയത് കല്യാണ പെണ്ണും. പരുമല പള്ളിയിലെ പാട്ടിന് അവർ ആടിപ്പാടിയപ്പോൾ സംഗതി വൈറലാകുമെന്ന് കരുതിയിരുന്നില്ല. പക്ഷേ, സംഭവം ലാലേട്ടൻ ഫാൻസേറ്റെടുത്തതോടെ വേറെ ലെവലായി. തൃശൂർ സ്വദേശികളായ ഗോപന്റെയും കാവ്യയുടെയും സേവ് ദ ഡേറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

' എന്റെ വിവാഹമാണ് ഈ ഞായറാഴ്ച. ഈ വീഡിയോ ഞാൻ എന്റെ ലാലേട്ടനു സമർപ്പിക്കുന്നു. കുഞ്ഞുനാൾ മുതൽ ലാലേട്ടൻ ആണെന്റെ ഹീറോ. എന്റെ കൗമാര പ്രായത്തിൽ ഇറങ്ങിയ ലാലേട്ടന്റെ സ്പടികം എന്ന സിനിമ എക്കാലത്തെയും എന്റെ ഫേവറേറ്റ് ആണ്.

ആടുതോമ എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങൾ കുട്ടികാലത്തേ അനുകരിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു ഞാൻ. യവ്വനത്തിൽ എത്തിയപ്പോഴും ആ ഭ്രമം മാറിയില്ല. അതു കൊണ്ടു തന്നെ എന്റെ പ്രിയപ്പെട്ട ലാലേട്ടനു ഞാനീ വീഡിയോ സമർപ്പിക്കുന്നു. ' ഈകുറിപ്പോടെയാണ്ഗോപൻ വീഡിയോ പങ്കുവച്ചത്.

Advertisement
Advertisement