തീർച്ചയായും ഭൂമി അവസാനിക്കും, ഭൂമിയുടെ ആയുസ് ഇനി എത്രകാലം എന്നറിയണ്ടേ? കേൾക്കണം നിയുക്ത ഐഎസ്ആർഒ ചെയർമാന്റെ വാക്കുകൾ

Wednesday 12 January 2022 6:44 PM IST

തിരുവനന്തപുരം: ഭൂമി ഉണ്ടായതു മുതലുള്ള ചോദ്യമാണ് അത് എന്ന് അവസാനിക്കുമെന്നതും. പലരും പല പ്രതികരണങ്ങളും ഇതിനോടകം ഭൂമിയുടെ അവസാനവുമായി ബന്ധപ്പെട്ട് നടത്തി കഴിഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ശാസ്‌ത്രീയമായ ഒരു ഉത്തരം നൽകുകയാണ് വിക്രം സാരാഭായ് സ്‌പേസ് സെന്റർ (വി.എസ്.എസ്.സി) ഡയറക്‌ടറും നിയുക്ത ഐ എസ് ആർ ഒ ചെയർമാനുമായ എസ് സോമനാഥ്.

ഭൂമി എന്നെങ്കിലും അവസാനിക്കുമോ എന്ന ചോദ്യത്തിന്, തീർച്ചയായും അവസാനിക്കും എന്ന ഉത്തരമാണ് സോമനാഥ് നൽകുന്നത്. സൂര്യൻ അവസാനിക്കുമെന്നതിന് ഒരു സംശയമവുമില്ലെന്നും എന്നാൽ അതിന് മുമ്പു തന്നെ ഭൂമിയ്‌ക്ക് അന്ത്യം സംഭവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കൗമുദി ടിവിയുടെ അഭിമുഖപരിപാടിയായ സ്‌ട്രെയിറ്റ് ലൈനിലാണ് സോമനാഥ് മനസു തുറന്നത്.

എസ്.സോമനാഥിന്റെ വാക്കുകൾ-

'തീർച്ചയായും ഭൂമി അവസാനിക്കും, കാരണം സൂര്യൻ അവസാനിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. സൂര്യന്റെ ആയുസ് 15 ബില്യൺ വർഷമാണ്. സൂര്യന്റെ ഇനിയുള്ള ആയുസ് കണക്കാക്കി കഴിഞ്ഞാൽ നാല് ബില്യൺ വർഷം കൂടിയുണ്ടെന്നാണ്. നാല് ബില്യൺ എന്നു പറഞ്ഞാൽ വളരെ വലുതാണെങ്കിലും അതിന് മുമ്പു തന്നെ ഭൂമി ഇല്ലാതാകും. കാരണം ഇന്ധനം കത്തി തീരുന്നതോടു കൂടി സൂര്യന്റെ വലിപ്പം വർദ്ധിക്കും. വർദ്ധിച്ച് വർദ്ധിച്ച് അത് ഭൂമിയുടെ ഭ്രമണപഥത്തിന്റെ അത്രയും വലുതാകും. അതിനുമപ്പുറം കടന്നു പോകും. ഭൂമി സൂര്യന്റെ ഉള്ളിലാകും. ആ സമയത്ത് ഭൂമിയും മറ്റ് ഉപഗ്രഹങ്ങളുമെല്ലാം ഇല്ലാതാകും'.

ചന്ദ്രയാനെക്കുറിച്ചും, ചന്ദ്രയാൻ കൊണ്ട് രാജ്യത്തിന് എന്ത് പ്രയോജനമാണ് ലഭിക്കുന്നതെന്നുമൊക്കെയുള്ള പ്രാധാന്യമേറിയ നിരവധി ചോദ്യങ്ങൾക്ക് സോമനാഥ് മറുപടി പറയുന്നുണ്ട്.

അഭിമുഖത്തിന്റെ പൂർണരൂപം-