കൊലപാതകത്തിന് പ്രോത്‌സാഹനം നൽകുന്ന രീതിയാണ് കോൺഗ്രസിന്റേത്,​ കെ സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Wednesday 12 January 2022 7:35 PM IST

കോഴിക്കോട് : മരണം ഇരന്ന് വാങ്ങിയതാണെന്ന കെ.പി.സി.സി പ്രസിഡന്റ് സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മരണം ഇരന്നുവാങ്ങുന്നെന്ന് കോൺഗ്രസ് പറയുന്നതിന്റെ അർത്ഥമെന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു. സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മരണം ഇരന്ന് വാങ്ങിയവനെന്ന് പറയാൻ കോൺഗ്രസ് തയ്യാറാവുന്നു. ഇത്തരം കാര്യങ്ങളിൽ ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്? സമാധാന അന്തരീക്ഷം തകർക്കുന്നതിൽ കോൺഗ്രസും ഭാഗമായി എന്നതാണ് ധീരജിൻ്റെ മരണത്തിലൂടെ കാണേണ്ടത്. കുറ്റം ചെയ്തവരെ തള്ളിപ്പറയുന്ന സൂചന പോലും ഉണ്ടായില്ല. സംഘർഷത്തിലുടെയും കലാപത്തിലൂടെയും എന്തെങ്കിലും നേടാമെന്ന് കരുതണ്ട. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. നാട് അതിൻ്റെ കൂടെ നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധീരജിന്റെ കൊലപാതകം ആസൂത്രിതമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോളേജിൽ നടന്ന സംഘർഷത്തെ തുടർന്നാണ് കൊല നടന്നതെന്ന കോൺഗ്രസ്, പൊലീസ് വാദങ്ങൾ തള്ളിയാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ധീരജിന്റെ കുടുംബത്തെ സന്ദർശിച്ചതിനു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.