ജലച്ചോർച്ച പിടികൂടാൻ സ്റ്റെതസ്‌കോപ്പ് !

Thursday 13 January 2022 12:22 AM IST

കൊച്ചി: വാട്ടർ അതോറിട്ടിയിലെ എൻജിനീയർമാർ ഇനി സ്റ്റെതസ്കോപ്പുമായി വരും. ജലവിതരണ പൈപ്പുകളിലെ തടസങ്ങൾ കണ്ടെത്തുന്നതിനാണ് സ്റ്റെതസ്‌കോപ്പ്. പൈപ്പുകളിലെ തടസവും ചോർച്ചയും കണ്ടെത്തുന്നതിന് റോഡ് കുഴിച്ച് പരിശോധന നടത്തുകയാണ് നിലവിലെ രീതി. റോഡ് കുഴിക്കുന്ന ഏർപ്പാട് അവസാനിപ്പിക്കാനാണ് ശ്രമം.

 പൈപ്പിലെ കുരുക്ക് അഴിക്കും

എയർ ബ്ളോക്ക്, അല്ലെങ്കിൽ പൈപ്പിൽ എന്തെങ്കിലും വസ്തു കുരുങ്ങുക തുടങ്ങിയ കാരണങ്ങളാലാണ് ജലവിതരണം തടസപ്പെടുന്നത്. ഇത്തരം തടസങ്ങൾ കണ്ടെത്തുന്നതിനാണ് വാട്ടർ സപ്ളൈ സ്റ്റെതസ്‌കോപ്പ് ഉപയോഗിക്കുന്നത്. കൊച്ചിയിലാണ് ഇത് ആദ്യമായി പരീക്ഷിക്കുന്നത്. റോഡ് കുഴിക്കാതെ തന്നെ പൈപ്പിൽ ഏതു ഭാഗത്താണ് തടസമെന്ന് സ്റ്റെതസ്കോപ്പ് കാട്ടിത്തരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചോർച്ച കണ്ടെത്തുന്നതിന് ഫ്ളോ മെഷറിംഗ് ഉപകരണമുണ്ട്. പൈപ്പിൽ ലീക്കുള്ള ഭാഗത്തിന് മുന്നിലും പിന്നിലും വെള്ളത്തിന്റെ ഒഴുക്കിൽ വത്യാസമുണ്ടാവും. അങ്ങനെയാണ് ചോർച്ച കണ്ടെത്തുന്നത്. ഈ ഉപകരണത്തിന് എട്ടു ലക്ഷം രൂപയാണ് വില. ഇത് ഒരെണ്ണം മാത്രമാണ് ജില്ലയിലുള്ളത്. സ്റ്റെതസ്കോപ്പിന് 1000 മുതൽ 3500 രൂപ വരെയാണ് വില. ഇത് 50 എണ്ണം ഉദ്യാേഗസ്ഥർ സ്വന്തം ചെലവിൽ വാങ്ങിക്കഴിഞ്ഞു.

അതേസമയം, പഴി കേൾക്കുന്നതിൽ മുൻപന്തിയിലാണ് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ.

"ജലവിതരണ ശൃംഖലയിലെ തകരാർ കണ്ടെത്തണമെങ്കിൽ റോഡിന് കീഴെ മൂന്ന് അടിയിൽ അധികം ആഴത്തിൽ കിടക്കുന്ന പൈപ്പ് പരിശോധിക്കാതെ വഴിയില്ല. റോഡ് കുഴിക്കണമെങ്കിൽ ബന്ധപ്പെട്ട ഏജൻസികളുടെയും പൊലീസിന്റെയും അനുവാദം വാങ്ങണം. അനുമതി ലഭിക്കുന്നതിന് സമയമെടുക്കും. അതുകഴിഞ്ഞാൽ റോഡ് കുഴിച്ചതിന്റെ പേരിലുള്ള ജനകീയ വിചാരണ തുടങ്ങും. മറുഭാഗത്ത് കുടിവള്ളം കിട്ടാത്തതിന്റെ പേരിലുള്ള ശകാരവർഷം നേരിടണം." വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ നിസഹായാവസ്ഥ പങ്കുവയ്ക്കുന്നു.

 പ്രതിച്ഛായ മെച്ചപ്പെടുത്തും

വാട്ടർ അതോറിട്ടിയുടെ പ്രവർത്തനം സംബന്ധിച്ച പരാതികൾക്ക് പരിഹാരം കാണും. ഇതിന് മുന്നോടിയായി ചിട്ടയായ ജലവിതരണ നിർവഹണം എന്ന വിഷയത്തിൽ ഉദ്യോഗസ്ഥർക്കായി ശില്പശാല നടത്തും. ജലക്ഷാമം പരിഹരിക്കുകയും ജല ചോർച്ച തടയുകയുമാണ് ലക്ഷ്യം. വാട്ടർ സപ്ളൈ സ്റ്റെതസ്കോപ്പ്, ഫ്ളോ മെഷറിംഗ് ഉപകരണം എന്നിവ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ജീവനക്കാർക്ക് പരിശീലനം നൽകും.

ജോച്ചൻ ജോസഫ്

സൂപ്രണ്ടിംഗ് എൻജിനീയർ

കേരള വാട്ടർ അതോറിട്ടി

Advertisement
Advertisement