ജടായുപ്പാറയും ഗുരുദേവനും: റിപ്പബ്ളിക് ദിന പരേഡിനുള്ള കേരളത്തിന്റെ ഫ്ളോട്ട് തഴഞ്ഞു

Thursday 13 January 2022 12:00 AM IST

ന്യൂഡൽഹി: റിപ്പബ്ളിക് ദിന പരേഡിൽ അവതരിപ്പിക്കാൻ കേരളം സമർപ്പിച്ച ഫ്ളോട്ടിന് അംഗീകാരം നൽകുമെന്ന് പ്രതീക്ഷ നൽകിയ ശേഷം പ്രതിരോധ മന്ത്രാലയം തള്ളി. ടൂറിസം രംഗത്തെ സാദ്ധ്യതകൾക്കൊപ്പം സ്‌ത്രീശാക്തീകരണ സന്ദേശവും നൽകുന്ന ചടയമംഗലത്തെ ജടായുപ്പാറയുടെ മാതൃകയാണ് കേരളം തയ്യാറാക്കിയിരുന്നത്. ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ ഫ്ളോട്ടിന് മുന്നിൽ സ്ഥാപിക്കാനും ഉദ്ദേശിച്ചിരുന്നു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷാചരണത്തിന്റെ ഭാഗമായി വിവിധ രംഗങ്ങളിൽ ആർജ്ജിച്ച നേട്ടം എന്ന എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഫ്ളോട്ട് തയ്യാറാക്കിയത്. ഫ്ളോട്ടുകൾ വിലയിരുത്തി ശുപാർശ നൽകാൻ പ്രതിരോധ മന്ത്രാലയം നിയോഗിച്ച ജൂറി അഞ്ച് റൗണ്ട് ചർച്ചകളിലും നല്ല അഭിപ്രായമാണ് നൽകിയത്. ഡിസംബർ 18ന് നടന്ന അവസാന റൗണ്ടിൽ കേരളത്തിന്റെ താത്പര്യപ്രകാരമുള്ള സ്കെച്ചിനെ അനുകൂലിച്ച ജൂറി സംഗീതം ചിട്ടപ്പെടുത്താൻ നിർദ്ദേശവും നൽകി.

ഫ്ളോട്ട് തിരഞ്ഞെടുത്തതായി പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് കത്ത് ലഭിക്കാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 12 സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇല്ലെന്നറിഞ്ഞത്.

അരുണാചൽ പ്രദേശ്, ഹരിയാന, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, ജമ്മുകാശ്മീർ, കർണാടക, മഹാരാഷ്‌ട്ര, മേഘാലയ, പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ ഫ്ളോട്ടുകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ പഞ്ചാബ്, മഹാരാഷ്‌ട്ര, ഛത്തീസ്ഗഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ബി.ജെ.പി സർക്കാരാണ്. കേരളത്തിന്റെ ഫ്ളോട്ടിന് അഞ്ചു തവണ സമ്മാനം ലഭിച്ചിട്ടുണ്ട്.

ജൂറി ആദിശങ്കരനെ ആവശ്യപ്പെട്ടു, കേരളം ഗുരുദേവനെ നിർദ്ദേശിച്ചു

ഫ്ളോട്ടിന്റെ മുൻഭാഗത്ത് ജടായുപ്പാറയുടെ കവാടത്തിന്റെ മാതൃകയും തയ്യാറാക്കിയിരുന്നു. എന്നാൽ മുൻഭാഗത്ത് ശ്രീശങ്കരാചാര്യരുടെ പ്രതിമ മതിയെന്ന് പ്രതിരോധ മന്ത്രാലയം നിർദ്ദേശിച്ചു. മാറ്റം അനിവാര്യമാണെങ്കിൽ നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിന്റെ പ്രതിമയാണ് നല്ലതെന്ന് സംസ്ഥാന സർക്കാർ നിലപാടെടുത്തു. ജടായുപ്പാറയ്‌ക്കൊപ്പം ശങ്കരാചാര്യരുടെ പ്രതിമ വയ്ക്കുന്നത് തീർത്ഥാടന ടൂറിസമായി വിലയിരുത്തപ്പെടുമെന്നും ജടായുപ്പാറ സ്ഥിതി ചെയ്യുന്ന ചടയമംഗലത്തിന് വർക്കല, ചെമ്പഴന്തി പ്രദേശങ്ങളുമായുള്ള സാമീപ്യം കണക്കിലെടുത്ത് ഗുരുദേവന്റെ പ്രതിമയാണ് നല്ലതെന്നും സംസ്ഥാനം വിശദീകരിച്ചു. ഇങ്ങനെ തയ്യാറാക്കിയ സ്കെച്ചും, ജൂറി ആവശ്യപ്പെട്ടതനുസരിച്ച് ആദി ശങ്കരന്റെ പ്രതിമ വച്ചുള്ള സ്കെച്ചും കേരളം സമർപ്പിച്ചിരുന്നു.