റേഷൻ വിതരണത്തിന് പുതിയ സെർവർ, ഇടപാട് വേഗത്തിലാക്കാൻ ഷിഫ്ട്

Thursday 13 January 2022 12:00 AM IST

തിരുവനന്തപുരം: നിലവിലെ സെർവറിന് ശേഷി കുറവ് ഉണ്ടായെന്ന് വ്യക്തമായതോടെ സംസ്ഥാനത്തെ ഇ പോസ് മുഖേനയുള്ള റേഷൻ വിതരണത്തിന് പുതിയ സെർവർ ഉപയോഗിക്കാൻ തീരുമാനമായി. ഇപ്പോഴത്തെ സർവർ റേഷൻ വിതരണം സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കുന്നതിനും അപേക്ഷ സ്വീകരിക്കുന്നതിനും ഉൾപ്പെടെ ആവശ്യങ്ങൾക്കായി തുടർന്നും ഉപയോഗിക്കും.

പുതിയ സർവർ സജ്ജമാകുന്നതുവരെ റേഷൻ വിതരണം 7 ജില്ലകളിൽ രാവിലെ മുതൽ ഉച്ചവരേയും ബാക്കി 7 ജില്ലകളിൽ ഉച്ചയ്ക്കു ശേഷവും രണ്ട് ഷിഫ്ടായി ക്രമീകരിച്ചു. പുതിയ സർവർ സജ്ജമാക്കുന്നതിനു മുന്നോടിയായി മന്ത്രി ജി.ആർ. അനിൽ എൻ.ഐ.സി, ഐ.ടി മിഷൻ, സ്റ്റേറ്റ് ഡാറ്റാ സെന്റർ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. 18 നു മുമ്പ് പ്രശ്നം പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥർ അറിയച്ചതിനെ തുടർന്നാണ് ക്രമീകരണം ഏർപ്പെടുത്തിയത്. ഇപ്പോൾ ഉപയോഗിക്കുന്ന സർവറിൽ ഒരേ സമയം 800 ഉപഭോക്താക്കൾ എത്തിയാൽ പ്രവർത്തനം മന്ദഗതിയിലാകും.

കഴിഞ്ഞ ദിവസങ്ങളിൽ ഇ പോസിന്റെ പ്രവർത്തനം നിലയ്ക്കുകയും മന്ദഗതിയിലാവുകയും ചെയ്തപ്പോഴും പ്രശ്നം പരിഹരിച്ചുവെന്നും സർവറിന് പ്രശ്നമൊന്നും ഇല്ലെന്നായിരുന്നു സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടിരുന്നത്. അതേസമയം ഇന്നലെ രാവിലേയും ഇ പോസ് മെഷീനുകളുടെ പ്രവർത്തനം മന്ദഗതിയിലായി. പിന്നീട് പ്രവർത്തനം മെച്ചപ്പെടുകയായിരുന്നു.

ജില്ല തിരിച്ചുള്ള പ്രവർത്തനം ഇങ്ങനെ

രാവിലെ തുറക്കുന്നത് (രാവിലെ 8.30 മുതൽ 12 വരെ )

മലപ്പുറം, തൃശൂർ പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട്

ഉച്ചയ്ക്കു ശേഷം തുറക്കുന്നത് (3.30 മുതൽ 6.30 വരെ)​

തിരുവനന്തപുരം, ഇടുക്കി, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

ഇന്നലെ തുറന്നു പ്രവർത്തിച്ച റേഷൻ കടകൾ 13,451

നടന്ന ഇടപാടുകൾ 2,59,451

Advertisement
Advertisement