ആചാരപ്പെരുമയിൽ ഇന്ന് പമ്പ വിളക്കും സദ്യയും.

Thursday 13 January 2022 12:08 AM IST

ശബരിമല : മകരസംക്രമപൂജയ്ക്കും വിളക്കിനും മുന്നോടിയായുള്ള പമ്പവിളക്കും സദ്യയും ഇന്ന് നടക്കും. എരുമേലിയിൽ പേട്ടതുള്ളി പരമ്പരാഗതപാതയായ കരിമലവഴി എത്തുന്ന അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളും മറ്റ് തീർത്ഥാടകസംഘങ്ങളുമാണ് ആചാരപെരുമയിൽ ഇൗ ചടങ്ങ് നടത്തുന്നത്. ഇരുസംഘങ്ങളും ഇന്നലെ വൈകുന്നേരത്തോടെ പമ്പയിലെത്തി. ഇന്ന് സദ്യയ്ക്ക് ഒരുക്കേണ്ട വിഭവങ്ങൾ സംബന്ധിച്ച് സംഘത്തിലെ ഗുരുസ്വാമിമാരുടെ സാന്നിദ്ധ്യത്തിൽ തീരുമാനിച്ചു. ഇന്ന് രാവിലെയോടെ സദ്യഒരുക്കങ്ങൾ ആരംഭിക്കും. അയ്യപ്പസ്വാമിയും സദ്യയിൽ പങ്കെടുക്കുമെന്ന വിശ്വാസത്തിൽ തൂശനിലയിൽ ആദ്യം അയ്യപ്പസ്വാമിക്ക് സദ്യവിളമ്പും. തുടർന്ന് സംഘാംഗങ്ങളും സദ്യകഴിക്കും. സന്ധ്യയോടെയാണ് പമ്പാവിളക്ക്. മുളയിലും ഇൗറ്റയിലും തീർത്ത ഗോപുരങ്ങളിൽ മൺചിരാതുകൾ കത്തിച്ചും വർണ്ണ ബലൂണുകൾ കെട്ടിയും ശരണംവിളികളോടെ ആടിപ്പാടി പമ്പാനദിയിലേക്ക് ഒഴുക്കും. നിരവധിവിളക്കുകൾ പമ്പാനദിയിലൂടെ ഒഴുകിനീങ്ങുന്ന വർണ്ണമനോഹരമായ കാഴ്ച ഭക്തിസാന്ദ്രവുമാണ്. പമ്പയിലെ വ്യാപാരികൾ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ വിളക്ക് തെളിയിച്ചും ഇൗ ചടങ്ങിൽ പങ്കാളികളാകും.

Advertisement
Advertisement