മത്സ്യത്തൊഴിലാളികളുടെ വായ്പ: മോറട്ടോറിയം കാലാവധി 6 മാസം നീട്ടി

Wednesday 12 January 2022 11:22 PM IST

തിരുവനന്തപുരം: വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മത്സ്യത്തൊഴിലാളികൾ എടുത്ത കടങ്ങളുടെ തിരിച്ചു പിടിക്കൽ നടപടികൾക്ക് പ്രഖ്യാപിച്ച മോറട്ടോറിയം കാലാവധി ഈ മാസം ഒന്നുമുതൽ ആറു മാസത്തേക്ക് കൂടി നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ജൂൺ 30 വരെയാണ് പുതിയ കാലാവധി. മത്സ്യബന്ധനോപകരണങ്ങൾ വാങ്ങൽ, ഭവന നിർമ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, പെൺമക്കളുടെ വിവാഹം എന്നീ ആവശ്യങ്ങൾക്ക് 2008 ഡിസംബർ 31വരെ മത്സ്യത്തൊഴിലാളികൾ എടുത്ത വായ്പകളിലുള്ള മോറട്ടോറിയമാണ് ദീർഘിപ്പിച്ചത്. തുടങ്ങിവച്ചതോ തുടർന്നുവരുന്നതോ ആയ ജപ്തി നടപടികൾ ഉൾപ്പെടെയുള്ളവയിൽ ആനുകൂല്യം ലഭിക്കും.

ദേശീയ സമ്പാദ്യപദ്ധതി ഡയറക്ടർ എസ്. മനുവിന്റെ നിയമനം ഈ മാസം 17 മുതൽ മൂന്നു വർഷത്തേക്ക് ദീർഘിപ്പിച്ചു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവ.ഹൈസ്കൂൾ സ്‌പോർട്സ് സ്കൂളായി ഉയർത്തും. ഉടമസ്ഥാവകാശം പൊതുവിദ്യാഭ്യാസ വകുപ്പിൽ നിലനിറുത്തും. സംസ്ഥാനത്തെ ഏകാദ്ധ്യാപക വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന 344 വിദ്യാ വോളന്റിയർമാരെ പൊതു വിദ്യാഭ്യാസ വകുപ്പിൽ പി.ടി.സി.എം അല്ലെങ്കിൽ എഫ്.ടി.എം ആയി നിയമിക്കും. ആദ്യനിയമനം നൽകിയ സീനിയോറിറ്റിയും സമ്മതവും പരിഗണിച്ചാവും നിയമനം.

കെ.എസ്.ഐ.ഡി.സിയുടെ കൈവശമുള്ള 155.89 ഏക്കർ (63.08 ഹെക്ടർ) ഭൂമി തിരുവനന്തപുരം വെയിലൂർ വില്ലേജിലെ തോന്നയ്ക്കലിൽ ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക് സ്ഥാപിക്കുന്നതിനായി രൂപീകരിച്ച സബ്സിഡിയറി കമ്പനിയായ കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലേക്ക് പുനർനിക്ഷിപ്തമാക്കാൻ അനുമതി നൽകും.

ഡ്യൂട്ടിക്കിടെ പാമ്പുകടിയേറ്റ്

മരിച്ചയാളിന്റെ ഭാര്യയ്ക്ക് ജോലി

വനംവകുപ്പിൽ ദിവസക്കൂലി വ്യവസ്ഥയിൽ പാമ്പു പിടിത്തകാരനായി സേവനത്തിലിരിക്കെ പാമ്പുകടിയേറ്റു മരിച്ച റാന്നി സ്വദേശി എം. രാജേഷിന്റെ ഭാര്യ രേഖ രാജേഷിന് സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരം നിയമനം നൽകും. വനം വകുപ്പിനു കീഴിൽ വാച്ചർ തസ്തികയിൽ വ്യവസ്ഥകൾക്ക് വിധേയമായാകും നിയമനം.

Advertisement
Advertisement