സമാന്തര ടെലി. എക്സ്ചേഞ്ചിന് ഉപയോഗിച്ചത് 10,​000 സിം കാർഡ്  പിന്നിൽ പാകിസ്ഥാൻ, ചൈന ബന്ധമുള്ളവർ

Wednesday 12 January 2022 11:29 PM IST

കൊച്ചി: കോഴിക്കോട്ടും ബംഗളൂരുവിലും സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചത് പതിനായിരത്തോളം മൊബൈൽ സിം കാർഡുകൾ ഉപയോഗിച്ച്. ഇവയിൽ 9,792 എണ്ണം അന്വേഷണ ഏജൻസികൾ പിടിച്ചെടുത്തു. വ്യാജരേഖകൾ നൽകി ഒറീസ, ജാർഖണ്ഡ്, ന്യൂഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണ് സിമ്മുകൾ വാങ്ങിയത്. ഓരോന്നിനും 600 - 700 രൂപ ചെലവഴിച്ചു. ഒരുലക്ഷം രൂപ വിലയുള്ള 136 അനുബന്ധ ഉപകരണങ്ങളും (സിം ബോക്സ്) കണ്ടെടുത്തു. പാകിസ്ഥാൻ, ചൈന ബന്ധമുള്ളവരാണ് എക്സ്ചേഞ്ചുകൾക്ക് പിന്നിലെന്ന് കോഴിക്കോട്ടെ സമാന്തര എക്സ്ചേഞ്ച് സംബന്ധിച്ച ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. കൊച്ചി ഉൾപ്പെടെ രാജ്യത്ത് 13 സമാന്തര എക്സ്ചേഞ്ചുകൾ കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട്ടെ എക്സ്ചേഞ്ച് നടത്തിയിരുന്ന ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂർ, കാടാമ്പുഴ ഇബ്രാഹിം പുല്ലാട്ട് എന്നിവരെ അറസ്റ്റുചെയ്തിരുന്നു. തീവ്രവാദം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കായി എക്സ്ചേഞ്ചുകൾ ഉപയോഗിക്കുന്നതായി മിലിട്ടറി ഇന്റലിജൻസും കണ്ടെത്തി. കേസിലെ പ്രതികളും എക്സ്ചേഞ്ചിന്റെ ഉപഭോക്താക്കളും റിസർച്ച് ആൻഡ് അനാലിസ് വിംഗിന്റെ നിരീക്ഷണത്തിലാണ്. കോഴിക്കോട് കേസിലെ പ്രതിക്ക് 168 പാകിസ്ഥാൻ പൗരന്മാരുമായി ബന്ധമുണ്ടെന്ന് ക്രൈംഞ്ചാഞ്ച് കണ്ടെത്തിയിരുന്നു. പ്രതികളിൽ ഒരാൾ വൻതുകയ്ക്ക് കോൾ റൂട്ടുകൾ പാകിസ്ഥാൻ, ചൈന, ബംഗ്ലാദേശ് സ്വദേശികൾക്ക് വിറ്റിരുന്നു. സമാന്തര എക്‌സ്‌ചേഞ്ചിൽ ഉപയോഗിച്ചിരുന്ന സോഫ്റ്റ് സ്വിച്ചിന്റെ ക്ളൗഡ് സെർവർ ചൈനയിലാണ്.

 സമാന്തര എക്സ്ചേഞ്ച്
വിദേശത്ത് നിന്നെത്തുന്ന ഫോൺകാളുകൾ അവിടത്തെ നെറ്റ്‌വർക്കിനെയും ഇന്റർനാഷണൽ ഇന്റർകണക്ട് കാരിയറിനെയും ഒഴിവാക്കി ഇന്റർനെറ്റ് വഴി സ്വീകരിച്ച് ലോക്കൽ കാളാക്കി മാറ്റുന്നതാണ് സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ചിന്റെ രീതി. നിരവധി സിമ്മുകൾ ഇടാവുന്നന്ന സിം ബോക്‌സാണ് പ്രധാന ഉപകരണം. ഇതിൽ ഏത് ഓപ്പറേറ്ററുടെയും സിം ഇടാനാകും. സിമ്മുകൾ ഇന്റർനെറ്റുമായി ബന്ധപ്പെടുത്തും. മൊബൈൽ ഫോണുകൾ വ്യാപകമാകുന്നതിന് മുമ്പ് 'ഹുണ്ടി" കാളുകളെന്ന പേരിലും ഇത്തരം കാളുകൾ നൽകിയിരുന്നു.

 കേസുകൾ

• ബംഗളൂരു • മീററ്റ് • പാട്‌ന • മുംബയ് • ന്യൂഡൽഹി • കട്ടക്ക് • തിരുപ്പതി • തെലുങ്കാന • കോഴിക്കോട് • കൊച്ചി • തൃശൂർ • മലപ്പുറം • പാലക്കാട്‌

Advertisement
Advertisement