കരിപ്പൂരിൽ റൺവേ നീളം കുറയ്ക്കുന്നതിൽ ആശങ്ക : ബൈ പറയുമോ വലിയ വിമാനങ്ങൾ

Thursday 13 January 2022 12:06 AM IST

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറയ്ക്കാനുള്ള എയർപോർട്ട് അതോറിറ്റിയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സമരസമിതികൾ. വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ റൺവേയുടെ നീളം കുറയ്ക്കുന്നത് തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണിത്. റൺവേയുടെ നീളം കുറച്ച് റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ)​ വർദ്ധിപ്പിച്ച് സുരക്ഷ ഉറപ്പാക്കാനാണ് എയർപോർട്ട് അതോറിറ്റിയുടെ തീരുമാനം. എന്നാൽ നിലവിലെ നീളം നിലനിറുത്തി തന്നെ സുരക്ഷ വർദ്ധിപ്പിക്കാൻ കഴിയുമെന്നിരിക്കെ സ്വകാര്യ ലോബിയെ സഹായിക്കാനും കരിപ്പൂരിനെ ഇല്ലാതാക്കാനുമാണ് ശ്രമമെന്ന് മലബാർ ഡെവലപ്മെന്റ് ഫോറം ആരോപിക്കുന്നു. എയർപോർട്ട് അതോറിറ്റിയുടെ തീരുമാനത്തിനെതിരെ ഈ മാസം 14ന് കരിപ്പൂരിൽ പ്രതിഷേധം സംഘടിപ്പിക്കും.

നിലവിലെ റൺവേയുടെ നീളം 2,​860 മീറ്ററാണ്. 300 മീറ്റർ നീളം കുറച്ച് 2,​560 മീറ്ററാക്കി ചുരുക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. തുടർന്ന് റിസ ഏറിയ വർദ്ധിപ്പിക്കുന്നതോടെ റൺവേയിലിറങ്ങുന്ന വിമാനങ്ങൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാമെന്നാണ് വിലയിരുത്തൽ. എന്നാൽ കരിപ്പൂരിൽ നടന്ന വിമാനാപകടത്തിന്റെ റിപ്പോർട്ടിൽ റൺവേയിൽ സുരക്ഷാ പ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കിയിരുന്നു. വ്യോമയാന മന്ത്രാലയം നിയോഗിച്ച സമിതിയും സുരക്ഷാ പ്രശ്നങ്ങളില്ലെന്നാണ് കണ്ടെത്തിയത്. പൈലറ്റിന്റെ പിഴവ് മൂലമാണ് അപകടം സംഭവിച്ചതെന്ന് ഡി.ജി.സി.എ റിപ്പോർട്ടും വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് റൺവേയുടെ നീളം കുറയ്ക്കുന്നതിൽ ഗൂഢാലോചനയുണ്ടെന്ന് സമരസമിതികൾ ആരോപിക്കുന്നത്.

സമരസമിതി മുന്നോട്ട് വയ്ക്കുന്ന ആശങ്കകൾ

റൺവേയുടെ നീളം കുറയ്ക്കുന്നതോടെ വലിയ വിമാനങ്ങളിറങ്ങാനുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതെയാവും. വലിയ വിമാനങ്ങൾ ഇല്ലാതാവുന്നതോടെ പ്രവാസികൾക്കടക്കം മറ്റു എയർപോർട്ടുകളെ ആശ്രയിക്കേണ്ടി വരും. വലിയ വിമാനങ്ങൾ വരുന്ന സാഹചര്യമുണ്ടായാൽ ടിക്കറ്റ് നിരക്ക് കുറയും. ഇപ്പോഴത്തെ ടിക്കറ്റിന്റെ അമിത വില സാധാരണക്കാർക്ക് താങ്ങാൻ പറ്റാവുന്നതിലും അപ്പുറമാണ്. ടിക്കറ്റ് നിരക്ക് കുറക്കാതിരിക്കാനാണ് ഇത്തരമൊരു തീരുമാനത്തിന്റെ ലക്ഷ്യമെന്നും സമരസമിതി ആരോപിക്കുന്നു

മാറി മറയുന്ന തീരുമാനങ്ങൾ

കരിപ്പൂർ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ കരിപ്പൂരിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നു. ഇതിനായി 248.75 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിൽ 96.5 ഏക്കർ റൺവേ വികസനത്തിനും 137 ഏക്കർ ടെർമിനലിനും 15.25 ഏക്കർ കാർ പാർക്കിംഗിനുമടക്കം ഏറ്റെടുക്കാൻ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഉന്നത തല യോഗങ്ങളും ചേർന്നിരുന്നു. ഈ തീരുമാനമെല്ലാം ഒഴിവാക്കിക്കൊണ്ടാണ് ഇപ്പോൾ റൺവേ നീളം കുറയ്ക്കുന്ന നടപടിയിലേക്ക് നീങ്ങുന്നത്.

റൺവേ നീളം കുറയ്ക്കുന്ന പ്രവൃത്തി ആരംഭിക്കാൻ സമര സമിതി അനുവദിക്കില്ല. എം.പിമാരായ എളമരം കരീം,ഇ.ടി മുഹമ്മദ് ബഷീർ, എം.കെ. രാഘവൻ, വി.പി അബ്ദുൾ വഹാബ്, മറ്റു എം.എൽ.എമാരടക്കം വെള്ളിയാഴ്ച്ച നടക്കുന്ന സമരത്തിൽ പങ്കെടുക്കും. കരിപ്പൂർ ഹജ്ജ് ഹൗസിൽ നിന്ന് പ്രതിഷേധം ആരംഭിക്കും.

അഷ്റഫ് കളത്തിങ്ങൽപാറ

എം.ഡി.എഫ് സംയുക്ത സമര സമിതിയംഗം

Advertisement
Advertisement