കാത്തിരിക്കാം, പാലം തുറക്കുവോളം...

Thursday 13 January 2022 1:37 AM IST

കൊല്ലം: നവീകരണ പ്രവൃത്തികൾക്കായി അടച്ച, ഇരുമ്പുപാലത്തിനു സമാന്തരമായ കോൺക്രീറ്റ് പാലത്തിന്റെ ഇരുവശങ്ങളിലും അപകടങ്ങൾ തുടർക്കഥയാകുന്നു. പ്രദേശത്ത് ഗതാഗതക്കുരുക്കും രൂക്ഷമാണ്. നവീകരണം പൂർത്തിയായി രണ്ടാഴ്ച പിന്നിട്ടിട്ടും പാലം ഗതാഗതത്തിന് തുറന്നു നൽകാത്തതിൽ പ്രതിഷേധവും കനക്കുകയാണ്.

നവംബർ 18നാണ് നവീകരണത്തിനായി പാലം അടച്ചത്. ആദ്യദിവസങ്ങളിൽ ഒരുവശത്തു കൂടി ഗതാഗതം അനുവദിച്ചിരുന്നെങ്കിലും പിന്നീട് പൂർണമായും അടയ്ക്കുകയായിരുന്നു. 45 ദിവസത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കി തുറക്കുമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ 54 ദിവസം കഴിഞ്ഞു. ഈ മാസം 20ന് പാലം തുറക്കുമെന്നാണ് പറയുന്നത്. നവീകരണത്തിന്റെ ഭാഗമായുള്ള കോൺക്രീറ്റിംഗ് ഉറയ്ക്കാൻ 14 ദിവസം വേണമെന്നും അതുകഴിഞ്ഞാൽ തുറന്നുനൽകുമെന്നുമാണ് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞിരുന്നത്. ഈ സമയപരിധി കഴിഞ്ഞിട്ടും തുറക്കാത്തിന്റെ കാരണത്തെക്കുറിച്ച് അധികൃതർക്ക് ഉത്തരമില്ല.

പാലത്തിന്റെ സ്ലാബുകൾ ചേരുന്ന ഭാഗത്തുള്ള ഇരുമ്പ് പ്ലേറ്റുകൾ വാഹനങ്ങൾ തുടർച്ചയായി സഞ്ചരിച്ച് ഇളകിയിരുന്നു. അവ ഇളക്കി മാറ്റി പുതിയവ സ്ഥാപിക്കലാണ് നടന്നത്. 20 ലക്ഷം രൂപയായിരുന്നു നവീകരണ ചെലവ്.

 10 അപകടങ്ങൾ, ഒരു മരണം

ഇരുമ്പു പാലത്തിന്റെ സമാന്തര പാലം നവീകരണത്തിനായി അടച്ച ശേഷം ഇതുവരെ 10 അപകടങ്ങളാണ് ഇരുവശത്തമുള്ള റോഡുകളിൽ നടന്നത്. ഗതാഗതക്കുരുക്കിനിടയിൽ കോൺക്രീറ്റ് മിക്സിംഗ് ലോറി തട്ടി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മരിച്ചിരുന്നു. അതിന്റെ തൊട്ടടുത്ത ദിവസം റോഡ് മുറിച്ചുകടക്കാനായി വശത്ത് കാത്തുനിൽക്കുകയായിരുന്ന വയോധികയുടെ കാൽപാദത്തിലൂടെ ലോറി കയറിയിറങ്ങി. പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യാത്ത ചെറിയ അപകടങ്ങൾ ഇതിലേറെ സംഭവിച്ചിട്ടുണ്ട്.

 വ്യാപാരികൾ പ്രതിസന്ധിയിൽ

സമാന്തര പാലം അടച്ചിട്ടിരിക്കുന്നതിനാൽ വീതി കുറഞ്ഞ ഇരുമ്പ് പാലത്തിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നത്. പഴയപാലത്തിലേക്ക് വളഞ്ഞുകയറുകയും ഇറങ്ങുകയും ചെയ്യേണ്ടിവരുന്നതിനാൽ വാഹനങ്ങൾക്ക് സാവധാനത്തിൽ മാത്രമേ കടന്നുപോകാനാവൂ. ഇത് ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ടനിര സൃഷ്ടിക്കുന്നു. വേഗം കടന്നുപോകാനായി വാഹനങ്ങൾ നടപ്പാതയിലേക്കും കടന്നുകയറും. അതുകൊണ്ടുതന്നെ കാൽനടയാത്രക്കാർക്ക് ഇതുവഴി സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്. ഈ ഭാഗത്ത് പാർക്കിംഗും നിരോധിച്ചിരിക്കുകയാണ്. ഈ ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഉപഭോക്താക്കൾക്ക് നടന്നും വാഹനങ്ങളിലും എത്താനാകാത്ത സ്ഥിതിയാണ്.

Advertisement
Advertisement