ഓരോ ബ്രാഞ്ചും പതിനായിരം വീതം പിരിച്ചെടുക്കണം, സംസ്ഥാന സമ്മേളനത്തിന് കൊവിഡ് പ്രമാണിച്ച് മാർച്ചും പ്രകടനവും ഇല്ലെങ്കിലും വീടുകൾ കേന്ദ്രീകരിച്ച് ഹുണ്ടിക പിരിവുണ്ടാവും
കൊച്ചി: എറണാകുളത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ ഇക്കുറി പ്രകടനവും വോളന്റിയർ മാർച്ചും ഉണ്ടാകില്ല. മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷമാണ് എറണാകുളം ചുവപ്പണിയാൻ പോകുന്നത്. മാർച്ച് ആദ്യ ആഴ്ചയിൽ നടത്താൻ ഉദ്ദേശിക്കുന്ന സമ്മേളനത്തിന് സിപിഎം ഫണ്ട് പിരിവ് ആരംഭിച്ചു കഴിഞ്ഞു. ഓരോ ബ്രാഞ്ചിൽ നിന്നും പതിനായിരം രൂപ വീതം സമാഹരിച്ച് നൽകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വീടുകൾ കേന്ദ്രീകരിച്ചുള്ള ഹുണ്ടിക പിരിവ് മാത്രമാണ് ബ്രാഞ്ചുകളെ ഏൽപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം സ്വാഗതസംഘം ഓഫീസ് തുറന്നതിനു പിന്നാലെയാണ് സമ്മേളനത്തിനായി സിപിഎം സംഘടനാ സംവിധാനങ്ങൾ ഒരുക്കങ്ങൾ തുടങ്ങിയത്. ജില്ലയിലെ 3,200 ബ്രാഞ്ചുകളിലും പരമ്പരാഗത ശൈലിയിൽ സ്വാഗത സംഘം ഓഫീസുകൾ ആരംഭിക്കും. പുൽക്കൂട് മാതൃകയിൽ പനമ്പുകൊണ്ട് ഓഫീസുകൾ നിർമിക്കാനാണ് നിർദ്ദേശം. സായാഹ്നങ്ങളിൽ കലാ-സാംസ്കാരിക സംഗമം, രക്തസാക്ഷി ചിത്രങ്ങളുടെ പ്രദർശനം, കുടുംബയോഗങ്ങൾ എന്നിവയും ഒരുക്കും. ബോൽഗാട്ടി പാലസിനോട് ചേർന്നുള്ള കൺവെൻഷൻ സെന്ററിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്. മറൈൻ ഡ്രൈവിലാണ് പൊതുസമ്മേളനം നടക്കുക. മാർച്ച് ഒന്നുമുതൽ നാലുവരെയാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ നുഴഞ്ഞുകയറ്റക്കാർ പാർട്ടിയിൽ വ്യാപകമാണെന്ന് ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി എൻ ബാലകൃഷ്ണൻ നടത്തിയ പ്രസ്താവനയും സംസ്ഥാന സമ്മേളനത്തിന്റെ ചർച്ചയിൽ വരാനും സാദ്ധ്യതയുണ്ട്.