വിസ്മയ എല്ലാം പറഞ്ഞിരുന്നുവെന്ന് സഹോദരന്റെ ഭാര്യ ഡോ. രേവതി

Friday 14 January 2022 12:05 AM IST

കൊല്ലം: വിവാഹം പിന്നിട്ട് ഒരു മാസമായപ്പോഴേക്കും വിസ്മയ വല്ലാത്ത വിഷമത്തിലായിരുന്നെന്നും സ്ത്രീധനത്തിന്റെ പേരിലുള്ള പീഡന വിവരങ്ങൾ വാട്‌സാപ്പിൽ സന്ദേശമായി അയച്ചിരുന്നുവെന്നും വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ ഭാര്യ ഡോ. രേവതി മൊഴി നൽകി. ഒന്നാം അഡിഷണൽ ജഡ്ജി സുജിത് മുമ്പാകെ പ്രോസിക്യൂഷൻ ഭാഗം രണ്ടാം സാക്ഷിയായുള്ള വിസ്താരത്തിലാണ് രേവതിയുടെ മൊഴി.
രേവതി പറഞ്ഞത്: 'എനിക്ക് വിവാഹാലോചന വന്നതു മുതൽ വിസ്മയയുമായി സംസാരിക്കാറുണ്ടായിരുന്നു. സന്തോഷവതിയും പ്രസരിപ്പുമുള്ള കുട്ടിയുമായിരുന്നു വിസ്മയ. കിരൺ ഭിത്തിയോട് ചേർത്തുനിറുത്തി കഴുത്തിൽ കുത്തിപ്പിടിക്കുകയും ചവിട്ടി നിലത്തിട്ട് മുഖത്ത് കാൽ കൊണ്ട് ചവിട്ടിപ്പിടിക്കുകയും ചെയ്യുമായിരുന്നെന്ന് വിസ്മയ പറഞ്ഞിട്ടുണ്ട്. കാർ ഇഷ്ടപ്പെട്ടില്ലെന്നും പറഞ്ഞ്, ഓണസമയത്ത് കാറിൽ വച്ച് വഴക്കുണ്ടായപ്പോൾ വിസ്മയ ഇറങ്ങി നടന്നു. ഞാനും വിജിത്തുമായുള്ള വിവാഹത്തിൽ കിരൺ പങ്കെടുത്തില്ല. വിവാഹശേഷം വിസ്മയ അനുഭവിച്ച എല്ലാ വിഷമതകളും തുറന്നു പറഞ്ഞു. ഗൾഫുകാരന്റെ മകളും മർച്ചന്റ് നേവിക്കാരന്റെ പെങ്ങളുമാണെന്ന് വിചാരിച്ചാണ് കല്യാണം കഴിച്ചതത്രെ. പക്ഷേ കിട്ടിയത് ഒരു പാട്ടക്കാറും വേസ്റ്റ് പെണ്ണുമാണെന്നു കിരൺ പറയുമായിരുന്നു.
മാനസിക സമ്മർദ്ദം താങ്ങാനാവാതെ ആത്മഹത്യയുടെ ഘട്ടത്തിലാണെന്നു പറഞ്ഞപ്പോൾ 'നീ ചത്താൽ പാട്ടക്കാറിനെയും നിന്നെയും സഹിക്കേണ്ടല്ലോ' എന്നാണ് കിരൺ പറഞ്ഞത്.ആയുർവേദ കോഴ്‌സിനു പഠിക്കുന്ന ഒരു കുട്ടി സ്വന്തം വ്യക്തിത്വം കളഞ്ഞ് ഇങ്ങനെ കഴിയുന്നത് സഹിക്കാനാകാത്തതിനാൽ വിവരം എന്റെ ഭർത്താവിനെയും മാതാപിതാക്കളെയും അറിയിച്ചു. കരയോഗത്തിൽ പരാതി നൽകിയതിനെ തുടർന്ന് വിഷയം ചർച്ച ചെയ്യാനിരിക്കെ മാർച്ച് 17 ന് വിസ്മയയെ കിരൺ കോളജിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി. അതിനു ശേഷം വിസ്മയയും ഞാനുമായുള്ള ബന്ധം കുറഞ്ഞും. കിരണാണ് ഫോണിൽ ബ്ലോക്ക് ചെയ്തത്'- രേവതിയുടെ മൊഴിയിൽ പറയുന്നു.

വിസ്മയയുടെ മെസേജുകൾ രേവതി കോടതിയിൽ തിരിച്ചറിഞ്ഞു. അയച്ച മെസേജുകളുടെ സ്‌ക്രീൻ ഷോട്ട് വിസ്മയയുടെ മരണദിവസം തന്നെ മാദ്ധ്യമങ്ങൾക്ക് നൽകിയിരുന്നതായും സെപ്ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജിന്റെ വിസ്താരത്തിൽ പറഞ്ഞു. ഡോ. രേവതിയുടെ എതിർവിസ്താരം തിങ്കളാഴ്ച നടക്കും.

Advertisement
Advertisement