കുറയാതെ പോക്സോ മുൾമുനയിൽ കുട്ടികളുടെ സുരക്ഷ

Friday 14 January 2022 12:01 AM IST

മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറത്ത്. ഒരുവർഷത്തിനിടെ 410 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. പോക്സോ നിയമം കർശനമായി നടപ്പാക്കുകയും ബോധവത്കരണം ശക്തിപ്പെടുത്തിയിട്ടും കേസുകളുടെ എണ്ണം ജില്ലയിൽ കുറയ്ക്കാനാവാത്തത് ആശങ്കപ്പെടുത്തുന്നതാണ്. 2020ൽ 379 കേസുകളായിരുന്നു. 2019ലെ 450 കേസുകളാണ് സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്ക്. കൊവിഡ് ലോക്ക് ഡൗൺ കാലയളവിലായിരുന്നു ഈ കേസുകളിൽ ഭൂരിഭാഗവും.

കഴിഞ്ഞ മാർച്ചിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 78 കേസുകൾ. സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന പ്രതിമാസ നിരക്കാണിത്. മാർച്ചിൽ സംസ്ഥാനത്ത് ആകെ 342 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. ഫെബ്രുവരി - 58, ജൂൺ - 41 എന്നിങ്ങനെയാണ് മറ്റ് മാസങ്ങളിലെ ഉയർന്ന നിരക്ക്. ശരാശരി 30ന് മുകളിൽ കേസുകൾ ഓരോ മാസവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബന്ധുക്കൾ, അയൽക്കാർ, അദ്ധ്യാപകർ എന്നിങ്ങനെ അടുത്തറിയാവുന്ന ആളുകളാണ് മിക്ക കേസുകളിലും പ്രതികൾ. ആൺകുട്ടികൾ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാവുന്ന കേസുകളാണ് പകുതിയിലധികവും. ഭീഷണിയും മാനസിക സമ്മർദ്ദവും മൂലം ദുരനുഭവങ്ങൾ പുറത്തുപറയാൻ പേടിക്കുന്ന കുട്ടികൾ പലപ്പോഴും സ്കൂളുകളിലെ കൗൺസലിംഗിലൂടെയാണ് കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തുന്നത്.

തൊട്ടുപിന്നിൽ തലസ്ഥാന നഗരി
മലപ്പുറം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരത്താണ്. 395 കേസുകളുണ്ടായി. കൊല്ലം - 290, കോഴിക്കോട് - 280, എറണാകുളം - 250 എന്നിങ്ങനെയാണ് കൂടുതൽ കേസുകളുള്ള മറ്റ് ജില്ലകൾ.

വർഷം കേസ്

2015 - 194

2016 - 244

2017 - 219

2018 - 411

2019 - 450

2020 - 379

2021 - 410

Advertisement
Advertisement