പ്രസവ വാർഡില്ലാത്ത ആശുപത്രി: ലജ്ജയില്ലേയെന്ന് ഹൈക്കോടതി
Thursday 13 January 2022 11:33 PM IST
കൊച്ചി: ആരോഗ്യ മേഖലയിൽ മുന്നിലാണെന്ന് അവകാശപ്പെടുന്ന നമ്മുടെ നാട്ടിൽ പ്രസവ വാർഡില്ലാത്ത താലൂക്ക് ആശുപത്രിയുണ്ടെന്ന് പറയാൻ ലജ്ജയില്ലേയെന്ന് ഹൈക്കോടതി. ആശുപത്രികളിൽ ആധുനിക സജ്ജീകരണങ്ങളോടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന കാലഘട്ടത്തിൽ ഇതു പറയിപ്പിക്കേണ്ടതുണ്ടോയെന്നും ജസ്റ്റിസ് എൻ. നഗരേഷ് വാക്കാൽ ചോദിച്ചു.
പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രസവ വാർഡും ഓപ്പറേഷൻ തിയേറ്ററും വേണമെന്ന ഹർജിയാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്. നേരത്തെ ഈ വിഷയത്തിൽ കോടതി സർക്കാരിന്റെ റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ കൂടുതൽ സമയം തേടിയതിനെത്തുടർന്ന് ഹർജി ജനുവരി 18 ലേക്ക് മാറ്റി. പീരുമേട് സ്വദേശി ടി.എ. ആസാദാണ് ഹർജിക്കാരൻ .