റിസോർട്ടിലെ ലഹരിപ്പാർട്ടി: തുടരന്വേഷണം ഊർജിതം

Friday 14 January 2022 12:02 AM IST
റിസോർട്ടിലെ ലഹരിപ്പാർട്ടി

കൽപ്പറ്റ: പടിഞ്ഞാറത്തറയിലെ സിൽവർ വുഡ് റിസോർട്ടിലെ ലഹരിപ്പാർട്ടി വേട്ടയ്ക്കിടെ എം.ഡി.എം.എ, ഹാഷിഷ് ഓയിൽ തുടങ്ങിയ മയക്കുമരുന്നുകൾ പിടിച്ചെടുത്ത കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. തെളിവെടുപ്പിന്റെ ഭാഗമായി റിസോർട്ടിലെ സി സി ടി വി കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ കിർമാനി മനോജ് ഉൾപ്പെടെ 16 പ്രതികളുടെ മൊബൈൽ ഫോൺ കോൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൾ ആരെല്ലാമായി ബന്ധപ്പെട്ടു എന്നതുൾപ്പെടെ അന്വേഷിക്കുന്നുണ്ട്.

ഫോൺ കാൾ പരിശോധന തുടങ്ങിയതോടെ തന്നെ പല സുപ്രധാന വിവരങ്ങളും ലഭിച്ചതായാണ് വിവരം. ജില്ലയിലെ മറ്റു ചില റിസോർട്ടുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ക്വട്ടേഷൻ തലവൻ പെരുമ്പാവൂർ അനസ് വയനാട്ടിലെത്തിയെങ്കിലും അപകടം മണത്ത് മുങ്ങിയതാണെന്ന് പൊലീസ് കരുതുന്നു. നേരത്തെ റിസോർട്ടിലെത്തിയ ഇയാളുടെ അംഗരക്ഷകർ അപായസൂചന നൽകിയെന്നാണ് വിവരം. ഗുണ്ടാ തലവന്മാരായ പുത്തൻപാലം രാജേഷ്, തമ്മനം ഷാജി, ഒാംപ്രകാശ് എന്നിവരും റിസോർട്ടിൽ എത്താനിരുന്നതാണെങ്കിലും ഒടുവിൽ

വരവ് ഒഴിവാക്കുകയായിരുന്നു.

ഗോവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ നേതാവ് വയനാട് കമ്പളക്കാട് സ്വദേശി മുഹസിന്റെ ഒന്നാം വിവാഹ വാർഷികാഘോഷത്തിന്റെ മറവിലായിരുന്നു ലഹരിപ്പാർട്ടി. ആഘോഷം തുടങ്ങിയതോടെയാണ് പൊലീസ് റിസോർട്ട് വളഞ്ഞ് 16 പേരെ പിടികൂടിയത്. ക്വട്ടേഷൻസംഘാംഗങ്ങൾക്കു പുറമെ ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം പേരും റിസോർട്ടിൽ എത്തിയതാണ്. ഇവരെ ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിച്ച് വിട്ടയക്കുകയായിരുന്നു. പൊലീസ് ആക്‌ഷൻ ആരംഭിച്ചതോടെ ചിലർ റിസോർട്ടിൽ നിന്ന് ഒാടി രക്ഷപ്പെട്ടവർ ആരൊക്കെയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. ലഹരിപ്പാർട്ടിയ്ക്കായി റിസോർട്ടിൽ 16 കോട്ടേജുകളാണ് മുഹ്സിൻ ബുക്ക് ചെയ്തത്.

അറസ്റ്റിലായവരിൽ 15 പേർക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരമാണ് കേസ്. ഒരാൾക്കെതിരെ ചുമത്തിയത് അബ്കാരി വകുപ്പും. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് മാറ്റിയത്.

്വ

Advertisement
Advertisement