സന്തോഷ് ട്രോഫിയിൽ ഗുജറാത്തിനെ നയിച്ച് കേരളത്തിന്റെ മുഹമ്മദ് സാഗർ

Friday 14 January 2022 12:06 AM IST

കൊച്ചി: 37 വർഷങ്ങൾക്കു ശേഷം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടി​ൽ ഗുജറാത്ത് പോരാടാനിറങ്ങുമ്പോൾ നയിക്കുന്നത് ഒരു മലയാളിയാണ് - കോതമംഗലം ഇരമല്ലൂർ സ്വദേശിയായ 27കാരൻ മുഹമ്മദ് സാഗർ അലി​.

നാട്ടിൻപുറത്ത് കാൽപ്പന്ത് കളിച്ചു വളർന്ന മുഹമ്മദിന് ഗുജറാത്ത് ക്യാപ്ടൻ സ്ഥാനം ഒമ്പതു വ‌ർഷത്തെ കഠി​നപ്രയത്നത്തി​ന്റെ സാഫല്യമാണ്. കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് നേരെ മുഹമ്മദ് എത്തിയത് കൊല്ലം സായിലേക്കാണ്. അവിടെ പ്ളസ് വൺ പൂർത്തിയാക്കി. ഫുട്ബാളിൽ ഗുജറാത്തിലെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞാണ് മൂന്ന് വർഷം മുമ്പ് അഹമ്മദാബാദിലേക്ക് കളംമാറ്റിയത്. എ.ആർ.എ.എഫ്.സി അഹമ്മദാബാദ് ക്ളബിൽ അംഗമായതോടെ അവിടെ സ്ഥിരതാമസമാക്കി. പല ക്ലബ്ബുകൾക്ക് വേണ്ടി കളി​ച്ചു. സെലക്ഷൻ ക്യാമ്പിലെ മിന്നുന്ന പ്രകടനമാണ് ഈ സെന്റർ ബാക് ഡിഫൻഡറുടെ സന്തോഷ് ട്രോഫി നായകസ്ഥാനം ഉറപ്പിച്ചത്.

തടി​വ്യാപാരി​യായ കളത്തി​പ്പറമ്പി​ൽ സാദിഖ് അലിയുടെയും സുഹറയുടെയും മകനാണ്​. റീസൽ അലി, അമീന, അമാന എന്നിവർ സഹോദരങ്ങൾ.

കളിക്കളത്തിൽ മിന്നിയ താരം

വിവിധ ക്ലബ്ബുകൾക്കായി 100ലേറെ മത്സരങ്ങളിൽ മുഹമ്മദ് സാഗർ അലി കളത്തി​ലി​റങ്ങി​യി​ട്ടുണ്ട്. പലവട്ടം മാൻ ഒഫ് ദി മാച്ചും ആയി.

ഡൽഹി യുണൈറ്റഡ് ഫുട്ബാൾ ക്ലബ്, എയർ ഇന്ത്യ മുംബയ് സ്പോർട്സ് ക്ലബ്, പ്രയാർ യുണൈറ്റഡ് ക്ലബ് കൊൽക്കത്ത, മദ്ധ്യഭാരത് സ്പോർട്സ് ക്ലബ് ഭോപ്പാൽ, ഡ്രൂക് സ്റ്റാർസ് ഫുട്ബാൾ ക്ലബ് ഭൂട്ടാൻ, ഇന്ത്യൻ ബാങ്ക് റിക്രിയേഷണൽ ക്ലബ്ബ് ചെന്നൈ, ഈഗിൾ എഫ്.സി കൊച്ചി, എ.ജി കേരള, എ.ആർ.എ.എഫ്.സി അഹമ്മദാബാദ് എന്നീ ക്ലബ്ബുകളിലൂടെയാണ് മുൻനിരയി​ലെത്തിയത്.

18ന് കേരളത്തിൽ

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടി​നായി​ ഗുജറാത്ത് ടീം 18ന് കോഴിക്കോട് എത്തും. മലപ്പുറം കോട്ടപ്പടി ഗ്രൗണ്ടിലാണ് മത്സരം. സർവീസസ്, മണിപ്പൂർ, ഒറീസ, കർണാടക ടീമുകളെയാണ് ഗുജറാത്ത് നേരി​ടുക.

"ഫുട്ബാൾ ജീവിതം കുറേക്കൂടി മെച്ചപ്പെടുമെന്ന പ്രതീക്ഷയി​ലാണ് ഗുജറാത്തിൽ എത്തിയത്. കേരളത്തി​ന് വേണ്ടി​ കളി​ക്കണമെന്ന് ആഗ്രഹമുണ്ടായി​രുന്നെങ്കി​ലും എന്റെ വി​ധി​യും ഭാഗ്യവും ഇതാണ്."

മുഹമ്മദ് സാഗർ അലി.