കലാമണ്ഡലം കുട്ടനാശാൻ അരങ്ങൊഴിഞ്ഞു

Friday 14 January 2022 1:45 AM IST

ചെർപ്പുളശ്ശേരി: കഥകളി രംഗത്ത് പച്ച വേഷത്തിൽ ശ്രദ്ധേയനായ വെള്ളിനേഴി അടക്കാപുത്തൂർ ലീല നിവാസിൽ കലാമണ്ഡലം കുട്ടനാശാൻ (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കളിയരങ്ങിൽ ദക്ഷൻ വേഷം കെട്ടിയാടുന്നതിൽ ശ്രദ്ധേയനായതിനാൽ 'ദക്ഷൻ കുട്ടൻ' എന്നാണ് അറിയപ്പെട്ടിരുന്നത്.

കുട്ടപ്പപ്പണിക്കർ, അമ്മുക്കുട്ടിയമ്മ എന്നിവരുടെ മകനായി 1938ൽ ജനനം. കലാമണ്ഡലത്തിൽ ഡിപ്ലോമ പൂർത്തീകരിച്ച കുട്ടനാശാൻ 1951ൽ വെള്ളിനേഴി കാന്തള്ളൂർ ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി.1964ൽ ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ കഥകളി അദ്ധ്യാപകനായി.1990ൽ വൈസ് പ്രിൻസിപ്പലായും 1995ൽ പ്രിൻസിപ്പലായും ചുമതലയേറ്റു.

കേന്ദ്ര സംഗീത നാടക അക്കാഡമി അവാർഡ്, കേരള കലാമണ്ഡലം കീർത്തി പത്രം, കലാദർപ്പണ പുരസ്‌കാരം, കേരള കലാമണ്ഡലം ഫെലോഷിപ്പ്, കേരള സംസ്ഥാന കഥകളി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

ഭാര്യ: ലീലാവതി. മക്കൾ: ഉഷ മധുമോഹനൻ, സതി രാധാകൃഷ്ണൻ, ഗീത മധു. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് അടയ്ക്കാപുത്തൂരിലുള്ള വീട്ടുവളപ്പിൽ നടക്കും.

Advertisement
Advertisement