പൊങ്കൽ ആഘോഷങ്ങൾക്ക് തുടക്കം

Friday 14 January 2022 2:33 AM IST

ചിറ്റൂർ: ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുള്ള കാപ്പുകെട്ട് ചടങ്ങോടെ അതിർത്തി ഗ്രാമങ്ങൾ പൊങ്കൽ ആഘോഷത്തിന് ഒരുങ്ങി. കാപ്പുകെട്ടൽ, തൈപൊങ്കൽ മാട്ടുപൊങ്കൽ, പൂ പൊങ്കൽ എന്നിങ്ങനെ ദിവസങ്ങൾ നീണ്ടു നിൽക്കുന്നതാണ് പൊങ്കൽ ഉത്സവം. വീടും കാലിതൊഴുത്തും വൃത്തിയാക്കി എരുക്കിലയും മാവിലയും കുരുത്തോലയും വീടിന്റെയും തൊഴുത്തിന്റെയും നാനാഭാഗത്തു സ്ഥാപിക്കുന്ന ചടങ്ങാണ് കാപ്പുകെട്ട്.

ഇന്ന് തൈ പൊങ്കൽ ആഘോഷിക്കും. വീടുകളിൽ പൊങ്കൽ വച്ച് നിവേദിക്കും. ഉത്സവത്തിന്റെ പ്രധാന ഇനമായ മട്ടുപൊങ്കൽ ശനിയാഴ്ചയാണ്. കന്നുകാലികളെ കുളിപ്പിച്ച് കുറിതൊട്ട് കൊമ്പുകളിൽ ചായം പൂശി വയലിൽ എത്തിച്ച് നിവേദ്യം നൽകും. കന്നുകാലികളെയും മണ്ണിൽ പണിയെടുക്കുന്നവരെയും ആദരിക്കുന്ന ചടങ്ങാണിത്. തമിഴ്നാട്ടിലെ പുതുവർഷം ആരംഭമായും വിളവെടുപ്പുത്സവമായും ആഘോഷിക്കുന്ന പൊങ്കൽ ആഘോഷം അതിർത്തി ഗ്രാമങ്ങളിലെ തമിഴ് ജനത പ്രത്യേകിച്ച് കർഷക കുടുംബങ്ങൾ തലമുറകളായി ആചരിച്ചു വരുന്ന ആഘോഷമാണ്.

അതിർത്തിയിൽ തമിഴ് ജനതയ്‌ക്കൊപ്പം എല്ലാവിഭാഗം ജനങ്ങളും പൊങ്കൽ ആഘോഷത്തിന് ഒത്തുചേരുന്നത് അതിർത്തി മേഖലയിൽ ഒരു ആരവമായി മാറും. വീട്ടുമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ അടുപ്പിൽ കോലംവരച്ച് അലങ്കരിച്ച പുതിയ മൺപാത്രത്തിൽ പുന്നെല്ല് അരി ഉപയോഗിച്ചാണ് പൊങ്കൽ വയ്ക്കുന്നത്. പൊങ്കൽ വയ്ക്കുന്നതിന് സമീപത്തായി കരിമ്പും പിള്ളവാഴകളും നടുന്നതും ചടങ്ങിന്റെ ഭാഗമാണ്. പൊങ്കൽ പാത്രത്തിൽ നിന്നും തിളച്ചുപൊന്തി കിഴക്കുദിശയിലേക്ക് ഒഴുകിയാൽ ശുഭലക്ഷണമായി കാണുന്നു. ഈ വർഷം മുഴുവൻ ശുഭകരമാകുമെന്നാണ് വിശ്വാസം. 16ന് പൂ പൊങ്കൽ ചടങ്ങോടെ ഈ വർഷത്തെ ആഘോഷത്തിന് സമാപ്തിയാകും.

Advertisement
Advertisement