മുസ്ലിം ഭൂരിപക്ഷം കുറയ്ക്കാൻ മറ്റ് മതസ്ഥരെ കാശ്മീരിലേക്ക് വിടുന്നു, ഇത് ഇസ്രയേൽ പാലസ്തീനിൽ ചെയ്യുന്നതിന് സമാനം, ബി ജെ പിക്കെതിരെ ആഞ്ഞടിച്ച്  എസ് രാമചന്ദ്രൻ പിള്ള

Friday 14 January 2022 11:36 AM IST

കോട്ടയം: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി ഒറ്റദിവസംകൊണ്ടാണ് ഇല്ലാതാക്കിയതെന്നും ഇസ്രയേൽ പാലസ്തീനിൽ എന്താണോ ചെയ്യുന്നത് അതാണ് മോദിസർക്കാർ കാശ്മീരിൽ ചെയ്യുന്നതെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു. മുസ്ളിം ഭൂരിപക്ഷം കുറയ്ക്കാൻ മറ്റ് മതസ്ഥരെ കാശ്മീരിലേക്ക് വിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തിന് തുടക്കംകുറിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ചൈനയ്ക്ക് എതിരായ വലിയ പ്രചാരണം രാജ്യത്ത് നടത്തുന്നത് സി.പി.എമ്മിനെ ആക്രമിക്കാനാണ്. ഇത് നേരിടണം. കോൺഗ്രസ് രാജ്യത്ത് തകർന്നു. ബി.ജെ.പിയുടെ അമിതാധികാരത്തെ തടയാൻ കുടുംബാധിപത്യ പാർട്ടിയായ കോൺഗ്രസിന് കഴിയില്ല. ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്ര പ്രചാരണത്തെ ഹിന്ദു രാജ്യ പ്രചാരണം കൊണ്ട് നേരിടാനാണ് രാഹുലും പ്രിയങ്കയും ശ്രമിക്കുന്നത്. ബി.ജെ.പിയെ നേരിടാൻ ശിവസേനയടക്കം പ്രാദേശിക രാഷ്ട്രീയ കക്ഷികൾ മുന്നോട്ടുവരുന്നുണ്ട്. അതിന് നേതൃത്വം നൽകാൻ ഇടതുപക്ഷ ജനാധിപത്യ പാർട്ടി ശക്തി നേടേണ്ടിയിരിക്കുന്നു.

രാജ്യത്ത് ഭൂരിപക്ഷം ഗവർണർമാരും ആർ.എസ്.എസ് പ്രചാരകൻമാരാണ്. അവർ സ്ഥാനത്തും അസ്ഥാനത്തും ഇടപെട്ട് അട്ടിമറിക്ക് ശ്രമിക്കുകയാണെന്നും ആദ്ദേഹം പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി എ.വി.റസൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.