പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു,​ ദർശന പുണ്യം നേടി അയ്യപ്പഭക്തർ

Friday 14 January 2022 6:39 PM IST

ശബരിമല : ശരണമന്ത്രങ്ങളുമായി കാത്തുനിന്ന ഭക്തലക്ഷങ്ങൾക്ക് ദർശന പുണ്യമേകി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ശ്രീകോവിലിൽ തിരുവാഭരണ വിഭൂഷിതനായ ശബരീശന് ദീപാരാധന നടക്കുമ്പോൾ, സന്ധ്യയ്ക്കു 6.36 നാണ് കിഴക്കു പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ രണ്ടു തവണ കൂടി ജ്യോതി മിന്നിത്തെളിഞ്ഞതോടെ പൂങ്കാവനം ഭക്തിപാരവശ്യത്തിന്റെ കൊടുമുടിയേറി

നേരത്തെ ശരംകുത്തിയിൽ എത്തിയ തിരുവാഭരണ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി സന്നിധാനത്തേക്ക് ആനയിച്ചു.


നേരത്തെ മകരവിളക്കിന് മുന്നോടിയായുള്ള മകര സംക്രമണ പൂജ നടന്നിരുന്നു,​. കവടിയാർ കൊട്ടാരത്തിൽ നിന്ന് എത്തിച്ച നെയ്യ് ഉപയോഗിച്ചുള്ള അഭിഷേകത്തിന് തന്ത്രി കണ്ഠരര് മഹേഷ മോഹനരാണ് നേതൃത്വം നൽകിയത്. .വൈകിട്ട് അഞ്ച് മണിയോടെയാമ് തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിലെത്തിയത്.

.നിയന്ത്രണങ്ങൾ പാലിച്ച് 75000 തീർത്ഥാടകരെയാണ് സന്നിധാനത്ത് പ്രവേശിപ്പിക്കുന്നത്. സന്നിധാനത്തും പമ്പയിലുമായി വിവിധയിടങ്ങളിൽ മകരജ്യോതി കാണാൻ സൗകര്യമുണ്ട്. പക്ഷേ പർണശാലകൾ കെട്ടാൻ അനുവാദമില്ല. പുല്ലുമേട്ടിൽ ഇത്തവണയും ഭക്തർക്ക് വിലക്കുണ്ട്. നിലയ്ക്കലിൽ നിന്നും പമ്പയിൽ നിന്നും ഭക്തരെ കയറ്റിവിടുന്നില്ല. മകരവിളക്കിന് ശേഷം തിരികെ പോകുന്ന ഭക്തർക്കായി പൊലീസും കെഎസ്ആർടിസിയും പ്രത്യേക സൗകര്യം ഏർപ്പെടുത്തി. കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ശബരിമലയിൽ ഭക്തർക്ക് വരും ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും

Advertisement
Advertisement